പത്ത്‌ ലക്ഷം

•സെപ്റ്റംബര്‍ 13, 2010 • 1 അഭിപ്രായം

കഴിഞ്ഞ രാവും പുലരിയും, ആ രണ്ട്‌ മക്കള്‍ക്ക്‌ ഒരുപാട്‌ നഷ്ടങ്ങളുടെ കുത്തൊഴുക്കായിരുന്നു.

നീണ്ട കുഴലുകള്‍ തുപ്പിയ ഇരുമ്പുണ്ട തുളച്ചുകയറിയ രണ്ട്‌ ഹൃദയങ്ങള്‍, ആ മക്കളുടെ അമ്മയുമഛനും, മരവിച്ച്‌, പ്രേതമായാ മരത്തോപ്പില്‍ കിടക്കുന്നു.

പെരുമഴയത്ത്‌ കയ്യില്‍ കുടയുമായി, ഒപ്പം ചേത്ത്‌ നിര്‍ത്തി വഴിനടക്കേണ്ട അഛനിതാ പന്നിയെകൊല്ലും തോക്കുകൊണ്ടവന്റെയമ്മയെ കൊല്ലുന്നു. ഒട്ടും മടിക്കാതെയഛനും…

പത്ത്‌ വയസിന്റെ മാത്രം ലോകപരിചയമുള്ള മകന്‌ അഛനുമമ്മയും മരിച്ചുവെന്ന് മനസിലായി. അവന്റെ കൊച്ചനുജത്തിക്കപ്പൊഴും ഒന്നും മനസിലായില്ലായിരുന്നു. പണ്ടേ പേടിയുള്ള പോലീസുമാമന്മ്മാരുടെ കൂടെ ജീപ്പിനു പിന്നില്‍ അവള്‍ കണ്ണുകള്‍ മിഴിച്ച്‌, ചേട്ടനെ നോക്കിയിരുന്നു.

വൈകാതെ നമ്മുടെ താന്ത്രികര്‍ ചര്‍ച്ചവെച്ചു, ഇനിയെന്ത്‌?

“സാരമില്ലെന്നെയ്‌, അഛനും, അമ്മയുമല്ലേ പോയത്‌. നമുക്കിത്തവണ പത്ത്‌ ലക്ഷം കൊടുക്കാം. അല്‍പം കൂടുതലാണെങ്കില്‍ പോലും.”

– ഒരു ടി വി ചാനലില്‍ അല്‍പം മുന്‍പ്‌ ദയനീയരായ രണ്ട്‌ മക്കളുടെ മുഖം കണ്ടപ്പോള്‍ തോന്നിത്‌.

Advertisements

നേരമായ്‌…

•മാര്‍ച്ച് 16, 2009 • 2അഭിപ്രായങ്ങള്‍

plz click here…

സ്നേഹത്തിനേക്കാള്‍ സ്വാദ്‌

•ഡിസംബര്‍ 22, 2008 • 7അഭിപ്രായങ്ങള്‍

തങ്ങളെപ്പോലെ ഈ ലോകത്ത്‌ മറ്റൊരു കമിതാക്കളും ഇല്ലെന്നുറച്ച്‌ വിശ്വസിക്കുന്നു ദീപുവും, ധന്യയും.

അവരുടെ ഒരോ ദിനങ്ങളും സ്നേഹത്തിന്റെ നനുത്ത മഞ്ഞുപടലങ്ങള്‍ കൊണ്ട്‌ സുന്ദരമായിരുന്നു.

എന്നത്തെയും പോലെ മഞ്ഞുപെയ്യുന്ന ഒരു സന്ധ്യയില്‍ കുടയായി നില്ലുക്കുന്ന യൂക്കാലിപ്റ്റസ്‌ മരങ്ങള്‍ക്കിടയിലൂടെ അവളുടെ ഇടുപ്പില്‍ കയ്‌ വട്ടം പിടിച്ച്‌ അവര്‍ നടന്നു.

അവന്‍: ഡീ… നീ എനിക്കൊരു കൂട്ടം സത്യം ചെയ്ത്‌ തരണം…
അവള്‍: ഹോ.. എന്താണാവോ?
അവന്‍: നീ ഇനി ജീവിതത്തിലൊരിക്കലും നോണ്‍ വെജ്‌ കഴിക്കില്ലെന്ന് എനിക്ക്‌ സത്യം ചെയ്തു തരണം…
അവള്‍: അല്ലേ… ഇതിപ്പോ എന്തിന്റെ കേടാ നിനക്ക്‌? വേറൊന്നും പറയാനില്ലേ?
അവന്‍: ഇല്ല. ഇപ്പൊ ഇതു മാത്രേ പറയാനുള്ളൂ. പറ, നീ സത്യം ചെയ്യില്ലേ?
അവള്‍: ഒഫോ… ഡാ.. നല്ല ഉഗ്രന്‍ ചിക്കനും, മീനും കഴിച്ചോണ്ടിരുന്ന എന്നെ നീ ഇത്രയും കാലം കൊണ്ട്‌ ഒരു വെജിറ്റേറിയനാക്കിയില്ലേ? എത്ര കാലമായി ഞാന്‍ അങ്ങനെ എന്തെങ്കിലും കഴിച്ചിട്ട്‌. ഇപ്പൊ നിനക്കെന്താ എന്നെ വിശ്വാസമില്ലാണ്ടായോ?
അവന്‍: അതെനിക്കു വിശ്വാസമാ. പക്ഷേ, ഇത്‌ നിനക്ക്‌ നിന്നിലൊരു വിശ്വാസ്സം ഉണ്ടാവാന്‍ വേണ്ടിയാ.

നിനക്കറിയാലോ, മാംസം കഴിക്കുന്നവന്‍ സ്വന്തം ആമാശയം ഒരു ശവപ്പറമ്പാക്കുയാണെന്ന്…

അവള്‍: ഓഹ്‌.. മതി മതി. ഇപ്പോ എന്താ വേണ്ടത്‌? സത്യം ചെയ്യണെം. ത്രേല്ലേ ള്ളൂ…. ചെയ്യാം…

അവന്‍: ന്നാ ചെയ്യ്‌… എന്റെ തലയില്‍ തൊട്ട്‌ സത്യം ചെയ്യ്‌…

അവള്‍: ഓ..ദാ.. നിന്റെ തലയി തൊട്ട്‌ തന്നെ സത്യം ചെയ്യുന്നു… ദീപൂന്റെ ധന്യക്കുട്ടി ഇനി ജീവിതത്തിലൊരിക്കലും നോണ്‍ വെജ്‌ കഴിക്കില്ല… കഴിച്ചാ ഈ മരമണ്ട പൊട്ടിത്തെറിച്ച്‌ പോട്ടെ… പോരേ?
അവന്‍: ഉം… (ചിരിക്കുന്നു)
അവള്‍: ന്നാ ഇനി നടക്ക്‌… കുരുമ്പന്‍ ചെക്കനാ നീ ട്ടൊ…

ആ കുറുമ്പനവളെ ജീവിതത്തിലെന്നും കൊണ്ടു നടക്കാന്‍ കഴിഞ്ഞില്ല. ഒഴുക്കുകള്‍ക്കെതിരെ നീന്താന്‍ അവനായില്ല. അവള്‍ അവനുവേണ്ടി കാത്തുനില്‍ക്കാതെ നടന്നകന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞു… ഒരു ദിവസം അവനൊരു ഫോണ്‍ കോള്‍…

“ഹെലോ… ഡാ.. ദീപൂ….?”
“അതെ… ആരാ?”
“അപ്പോ നീ എന്നെ മറന്നോ? നിന്റെ ധന്യേടെ ശബ്ദം മാത്രെ മനസ്സിലാവൂന്നുണ്ടോ?”
“ഓ… ഷൈനിയണോ?”
:ഉം.. അങ്ങനെ വഴിക്കു വാ… നീയിപ്പോ അങ്ങ്‌ ദുഫായിലാണെന്നറിഞ്ഞൂ… സുഖാണോ?”
“ഓഹ്‌.. അങ്ങിനെ പോകുന്നൂ… ആട്ടെ.. നിന്റെ വിശേഷങ്ങള്‍…?”
“ഞാനിപ്പൊ ലണ്ടനിലാ. കെട്ട്യോന്റൊപ്പം. ഡാ, പിന്നേയ്‌ ഞാന്‍ തൊട്ടു മുന്‍പ്‌ നിന്റെ പഴയ ആളെ വിളിച്ചിരുന്നു ട്ടോ… ”
“ആരെ..?”
“ഹൗ… ആരേ ന്നോ? മറന്നുപോയിക്കാണും.. ല്ലെ…”
“മറക്കാന്‍ ആഗ്രഹമുണ്ട്‌… നടക്കുന്നില്ലാ….”
“നീ ഇങ്ങനെ നടന്നോ… ഞാന്‍ വിളിച്ചപ്പോ അവള്‍ അവിടെ ചിക്കന്‍ റോളിനു വേണ്ടി കാത്തിരിക്കുാണത്രേ..”
“ചിക്കന്‍ റോളോ?”
“ഉം… പുള്ളിക്കാരി ഫുള്‍ടൈം വീട്ടിലിരിപ്പല്ലേ… വൈകീട്ട്‌ തിന്നാനെന്തെങ്കിലും കണവനോട്‌ വാങ്ങി വരാന്‍ പറയും… അതന്നെ…”

“ന്നാലും, ചിക്കന്‍ റോള്‍ എന്ന് തന്നെയാണോ അവള്‍ പറഞ്ഞത്‌?”

“അതേ… എന്തേ? ”

“ഒന്നുല്ല്യാ….”

ഒരിക്കലും ആഗ്രഹമില്ലാത്തതാണെങ്കിലും ആദ്യമായി അന്നെനിക്കൊരു ചിക്കന്‍ റോള്‍ തിന്നാന്‍ തോന്നി….

സ്നേഹത്തിനേക്കാള്‍ സ്വാദ്‌ ചിക്കന്‍ റോളിനാണോ എന്നറിയാന്‍ മാത്രം.

സ്വാര്‍ദ്ധനായ പടയാളി

•ഡിസംബര്‍ 11, 2008 • 1 അഭിപ്രായം

തോക്കുമേന്തി ഞാനും ചാവേറുകള്‍ക്കിടയിലേക്ക്‌ നടന്നു കയറി.

വലിയൊരു കൂറ്റന്‍ കെട്ടിടത്തിന്റെ നാനായിരം മുക്കിലും മൂലയിലും രണ്ട്‌ കൊലയാളികളെ തപ്പാന്‍. ബലിയാടുകളാവാതെ അകപ്പെട്ടവരെ രക്ഷിക്കാന്‍.

ചിതറിത്തെറിച്ച ചില്ലുകളും, പൂപ്പാത്രങ്ങളും, ചുമര്‍ ചിത്രങ്ങളും…

വിലകൂടിയ ഫര്‍ണീചറുകളില്‍ വെടിയുണ്ടയുടെ പാടുകള്‍.. നിലത്തും ചുമരിലും രക്തം ചീറ്റിത്തെറിച്ച പാടുകള്‍…

എനിക്ക്‌ ഭയം തോന്നിത്തുടങ്ങിയിരുന്നു.

വിറയ്ക്കാതെ ഞാന്‍ തോക്കില്‍ ശക്തിയായി പിടിച്ച്‌ നടന്നു, കൂടെയുള്ളവരെ മുന്നിലും പിന്നിലുമാക്കിയിട്ട്‌.

മുകളിലേക്ക്‌ കയറുംതോറും വടിയിച്ചയുടെ ശബ്ദം ഭയാനകമായെനിക്ക്‌ തോന്നി. തൊട്ടടുത്തുകൂടെ പോകുന്ന പോലെ. കാലിയായ ഇടനാഴികളിലൂടെ പ്രതിഭലിച്ച്‌ ആയിരം മടങ്ങ്‌ ശക്തിയുള്ളവയെപ്പോലെ ആ ശബ്ദം എനിക്ക്‌ തോന്നി.

കാലില്‍ എന്തോ തടഞ്ഞു.

രക്തത്തില്‍ കുളിച്ച ഒരു ശരീരം.

തുടര്‍ന്നങ്ങ്‌ നിലത്ത്‌ കാലുവെക്കാനാവത്ത രീതിയില്‍ ശവശരീരങ്ങള്‍ കുന്നു കൂടുക്കിടക്കുന്നു.

വെടിയുണ്ടകള്‍ ചുമരില്‍ രാക്ഷസന്മ്മാരുടെ ചിത്രങ്ങള്‍ വരച്ചു വെച്ചിരിക്കുന്നു. പൊളിഞ്ഞ ഭിത്തികളില്‍ ചുവന്ന നിറത്തില്‍ ഭയാനകമായ രൂപത്തില്‍…

എനിക്കു ചുറ്റും ആരെങ്കിലുമൊക്കെ ഉണ്ടെന്നും, ഞാനൊറ്റക്കവില്ലെന്നും ഇടക്കിടെ ഞാനുറപ്പു വരുത്തി.

കൂടെയുള്ളവര്‍ ആപാരധൈര്യശാലികളായി വെടിയുതിര്‍ത്തുകൊണ്ട്‌ മുന്നേറി.

കുട്ടികള്‍, ചെറുപ്പക്കര്‍, വയസ്സായവര്‍… എല്ലാ പ്രായങ്ങള്‍ക്കും അവിടെ ഒരേയൊരു മുഖമേ ഉണ്ടായിരുന്നുള്ളൂ. ചുവന്ന മരണത്തിന്റെ മുഖം.

ഞാനറിഞ്ഞു, എന്റെ കൂടെയുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നു. പലരും വെടിയുണ്ടകള്‍ക്ക്‌ തോല്‍വി സമ്മതിച്ചു കൊടുത്തിരിക്കുന്നു.

ഇനി ഞാനും?

എനിക്ക്‌ വല്ലാതെ വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. ഞാനും മരിക്കുമോ?

അതീവജാഗരായി മുന്നേറുന്നതിനിടയില്‍ ഇടനാഴിയുടെ അറ്റത്ത്‌ വളരെ ചെറിയൊരു വാതില്‍ പോലെ എന്തോ ഒന്ന് ഞാന്‍ കണ്ടു.

തുറന്നു നോക്കിയപ്പ്പ്പോള്‍ കഷ്ടിച്ചൊരാള്‍ക്ക്‌ കയറിയിരിക്കാന്‍ പറ്റുന്ന ഒരു അലമാര പോലെ എന്തോ…

എന്നിലെ ധീര ജവാന്‍ എപ്പൊഴേ വെടിയേറ്റ്‌ മരിച്ചിരിക്കണം. ഞാന്‍ ആരുമറിയാതെ അതിനുള്ളിലേക്ക്‌ കയറിയിരുന്നു.

എന്റെ കാതുകള്‍ ഞാന്‍ ശക്തിയായി അടച്ചു പിടിച്ചു. കണ്ണുകള്‍ മുറുക്കിയടച്ചു.

ഞാന്‍.. മരിക്കാന്‍ ഭയക്കുന്ന രാജ്യസ്നേഹി?

മണിക്കൂറുകള്‍ ഞാന്‍ ഒരുതരിപോലുമനങ്ങാതെ അതിനുള്ളില്‍ തന്നെയിരുന്നു. രംഗം ശാന്തമായി എന്നൊരു തോന്നല്‍ വന്നപ്പോള്‍ പതിയെ പുറത്തിറങ്ങി.

വളരെ വേഗത്തില്‍ ഞാന്‍ താഴോട്ടേക്ക്‌ നടന്നു.

അവിടെ എന്റെ കൂടെയുള്ളവരില്‍ ചിലര്‍ തലകുനിച്ചിരിക്കുന്നു. എന്നെ കണ്ടതും ചിലര്‍ക്ക്‌ ആശ്വാസം…

അങ്ങോട്ട്‌ പോയതില്‍ പകുതി പേര്‍ മാത്രമേ തിരിച്ചെത്തിയുള്ളൂ. രണ്ട്‌ കാപാലികന്മ്മാര്‍ക്ക്‌ വേണ്ടി…

എനിക്കെന്തെങ്കിലും പറ്റിയോ എന്ന ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാതെ ഞാന്‍ നടന്നു. ഓഫ്‌ ചെയ്ത്‌ വച്ചിരുന്ന മൊബെയില്‍ ഫോണ്‍ എടുത്ത്‌ എന്റെ വീട്ടിലേക്ക്ക്‌ വിളിച്ചു…

“ഹെലോ.. ഞാനാ…”

“ചേട്ടാ… എല്ലാം കഴിഞ്ഞോ? എന്തെങ്കിലും പറ്റ്യോ? ടിവി യില്‍ കണ്ടിട്ട്‌ പേട്യാവ്ണൂ… മതി ഈ ജോലി മതി. ഇങ്ങോട്ട്‌ വാ….

ദാ.. ഞാന്‍ ചിഞ്ചു മോള്‍ക്ക്‌ ഫോണ്‍ കൊടുക്കാം….

മോളേ… ദേ… അച്ഛന്‍… ഹലോ പറയ്‌… ”

ഞാനൊന്നും പറഞ്ഞില്ല. അവള്‍ക്ക്‌ വേണ്ടി ഞാന്‍ തിരിച്ചു വന്നത്‌ എന്നെ തന്നെ കോന്നിട്ടല്ലേ… എന്റെ കൂടെയുള്ളവരെ ചാകാന്‍ പറഞ്ഞു വിട്ടിട്ടല്ലേ…

കരഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അടുത്തേക്ക്‌ വന്ന ഒരു മദ്ധ്യവയസ്കന്‍ എന്റെ തോളില്‍ തട്ടി പറഞ്ഞു,

“സാര്‍, ആപ്‌ ജൈസേ ജവാനോ ഹിന്ദുസ്ഥാന്‍ കാ അഭിമാന്‍ ഹെ… വി സല്യൂട്ട്‌ യൂ…”

എന്റെയുള്ളിലെ തീ ആളിപ്പടര്‍ന്നു. എന്ത്‌ ചെയ്യണമെന്നാലോചിക്കാന്‍ വയ്യാതെ ഞാന്‍ നടന്നു…

ഒന്നും തെളിഞ്ഞ്‌ വന്നില്ല… എല്ലാ ചോദ്യങ്ങള്‍ക്കും ഒരുത്തരം മാത്രം കിട്ടി…

ഞാന്‍, സ്വാര്‍ദ്ധനായ പടയാളി. തീവ്രവാദിയേക്കാളും ക്രൂരനായ ദേശാഭിമാനി.

ഒരാത്മഹത്യക്കുറിപ്പെഴുതാതെ, രാജ്യത്തിനു വേണ്ടി യാത്രപറഞ്ഞ എന്റെ സുഹൃത്തുക്കള്‍ക്കരികിലേക്ക്‌ ഞാനും പോയി.

എന്റെ ലതിയേയും, ചിഞ്ചുവിനേയും ഒറ്റക്കിട്ട്‌.

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍…

•സെപ്റ്റംബര്‍ 23, 2008 • 10അഭിപ്രായങ്ങള്‍

ചുരുട്ടും, തമ്പാക്കും എന്റെ വായക്കുള്ളില്‍ ഉണ്ടാക്കിയ കറ വളരെ വേഗത്തില്‍ എന്റെ ഹൃദയത്തിലേക്കും പടര്‍ന്നിരുന്നു. മുഴുവനും തുറന്നു പിടിക്കാന്‍ പറ്റാതെ എന്റെ കണ്ണുകള്‍ സദാ സമയവും. എങ്ങും, എപ്പൊഴും ആസക്തികളോടുള്ള അടങ്ങാത്ത അഭിനിവേശങ്ങള്‍ മാത്രം.

കൊഴുപ്പുകൂട്ടാന്‍ പുറത്ത്‌ വര്‍ഷം തകര്‍ത്തു പെയ്തു. കടിച്ചു പറിക്കാനായി ചെന്നൊരെന്നെ കണ്ടവള്‍ അലറിക്കരഞ്ഞത്‌, കനത്ത മഴത്തുള്ളികള്‍ക്ക്‌ ഇക്കിളിയാകാന്‍ മാത്രമായിരുന്നു. വല്ലാത്തൊരു ആവേശത്തോടെ മഴമേഘങ്ങള്‍ തകര്‍ത്തു പെയ്തു.

എന്റെ കയ്കളില്‍ കിടന്ന് പിടയാന്‍ പോലും അവള്‍ക്കായിരുന്നില്ല. ഉടു വസ്ത്രം ജീവനെ രക്ഷിക്കനുള്ള അവളുടെ പരാക്രമത്തില്‍ അവള്‍ തന്നെ ഊരിയെറിഞ്ഞതാവണം. അവളുടെ വയറില്‍ പിടിച്ച പിടുത്തം വിടാന്‍ എനിക്കും സാധിച്ചില്ല. എന്റെ മുഖം അപ്പൊഴും നിര്‍വികാരമായിതന്നെയിരുന്നു.

അവളെ കട്ടിലിലേക്ക്‌ വലിച്ചെറിഞ്ഞത്‌ ഭയപ്പെടുത്താനല്ലായിരുന്നു. കയ്കള്‍ കൊണ്ട്‌ അരുതേ… എന്നപേക്ഷിച്ചത്‌ എനിക്ക്‌ മനസിലാക്കാന്‍ പറ്റിയില്ലായിരുന്നു. അര്‍ദ്ധനഗ്നനായി ഞാന്‍ അവളുടെ മുകളിലേക്ക്‌ വീണു… അവള്‍ക്ക്‌ നോവാതെ.

മിനുസം വരുത്താത്ത നഘങ്ങള്‍ കൊണ്ട്‌ അവളെന്നെ മാന്തി. എന്റെ മുഖവും, നെഞ്ചും അവള്‍ മാന്തിയെടുത്തു. എന്നെ രക്ഷിക്കൂ… എന്നലറിവിളിക്കാന്‍ പോയപ്പോള്‍, അവളുടെ ചുണ്ടുകള്‍ ഞാനെന്റെ ചുണ്ടുകളാല്‍ അടച്ചു പിടിച്ചു. അച്ചടക്കമില്ലാതെ ചലിച്ചുകൊണ്ടിരുന്ന കാലുകള്‍ എന്റെ കാലുകള്‍ക്കിടയില്‍ ഞെങ്ങിയമര്‍ന്നു. ബീഡി മണവും, കഞ്ചാവും കലറന്ന ഉമിനീര്‍ അവളുടെ മേല്‍ അത്തറായി പതിഞ്ഞു.

അവള്‍ ജീവനുവേണ്ടി കരഞ്ഞത്‌, എന്റെ ഞെരമ്പുകള്‍ക്ക്‌ ഇന്ധനമായി. എന്റെ മുഖം അവളുടെ നാണം പൊതിഞ്ഞ സ്ത്രീത്വങ്ങളിലൂടെ തലോടിയിറങ്ങി. അവളുടെ കണ്ണീര്‍ എനിക്ക്‌ തൊട്ടുകൂട്ടാനായി. കുത്തിച്ചുപോകാന്‍ തുനിഞ്ഞ അവളുടെ കയ്കള്‍ എന്റെ ബലിഷ്ഠമായ കയ്കള്‍ക്കുള്ളെയില്‍ കിടന്നെന്നെ ഇക്കിളിയിട്ടു. വിയര്‍പ്പുകണങ്ങള്‍ നിറഞ്ഞ അവളുടെ കഴുത്തിലൂടെ ഞാനിറങ്ങിയപ്പോള്‍, അവളുടെ ദീനരോദനങ്ങള്‍ സ്പഷ്ടമായെന്റെ കാതുകളില്‍ കുളിരുകോരി.

എതിര്‍ക്കാന്‍ ശക്തിയില്ലാതെയവള്‍ ഉറങ്ങിപ്പോയിരിക്കണം… എനിക്കുവേണ്ടിയവള്‍ മനപ്പൂര്‍വ്വം മയങ്ങിയിരിക്കണം. സ്നേഹവും, വികാരവും തിരിച്ചറിയാതെ ഒരു വെറ്റില-പ്പാക്ക്‌ പോലെ അവളെന്റെ മുന്നില്‍ ചതഞ്ഞരഞ്ഞു. ചുണ്ടില്‍ പൊടിഞ്ഞ ചോരപ്പാടുകള്‍ അവളെ സുന്ദരിയാക്കി.

ഞാന്‍ വരച്ചൊരു മനോഹര ചിത്രം പോലെ, അവളുടെ വെള്ള വിരിപ്പിട്ട കട്ടിലില്‍, നഗ്നയായ്‌ അവള്‍ കിടന്നു.

“നായിന്റെ മോനെ.. നിന്റെ അനിയത്തിക്കുട്ടിയെപ്പോലെ അല്ലായിരുന്നോടാ… ന്റെ പൊന്നിനെ നീ തിന്നില്ലേഡാ… ബാക്കിയുണ്ട്‌. വന്ന് മുഴുവനും തിന്നിട്ട്‌ പോടാ നാശം പിട്ച്ചവനേ… നിന്നെയൊന്നും ദൈവം വെറുതേ വിടില്ലെഡാ… നീ നശിച്ചുപോകും…”

പോലീസ്‌ ജീപ്പിന്റെ പിന്നില്‍, വിലങ്ങുകളുടെ കനത്ത ഭാരം താങ്ങാന്‍ വയ്യാതെ ഞാനിരുന്നപ്പോള്‍ അവ്ലുടെയമ്മ കയര്‍ക്കുന്നത്‌ കേട്ടു. എന്നെ ശപിക്കുകയാണ്‌.

അവളുടെ വീടിന്റെ മുന്നിലൂടെ പോയപ്പോള്‍ ഞാന്‍ കണ്ടു, മരം കൊണ്ടുള്ള ജനാലയഴികള്‍ക്കപ്പുറത്ത്‌, നഗ്നമായ രണ്ട്‌ കാലുകള്‍ തൂങ്ങിയാടുന്നു.

എങ്കിലും, അവള്‍ക്കെന്നെ ഇഷ്ടമാണെന്നൊന്ന് പറയാമായിരുന്നില്ലെ?

മുകുളങ്ങള്‍ കരിയുമ്പോള്‍

•ജൂലൈ 25, 2008 • 8അഭിപ്രായങ്ങള്‍

“ന്റെ അമ്മിഞ്ഞക്കുട്ടീ…. നീ പൊയല്ലോ മോളേ…. അമ്മക്കിനി ആരാള്ളേ മൊളേ… അയ്യോ…”

തണുപ്പില്‍ മൂടിയ പുലരിയില്‍ അയല്‍വാസികളെല്ലാം ഉണര്‍ന്നത്‌ ആ നിലവിളികേട്ടായിരുന്നു. അരുതാത്തതെന്തോ നടന്നുവെന്ന് മനസ്സിലാക്കിയവര്‍ കല്യാണീടെ വീട്ടിലേക്കോടി…

ഞാനും ആ വീട്ടിലേക്ക്‌ വേഗത്തില്‍ നടന്നു…. പോകുന്ന വഴിയില്‍ വേലായുധനെയും അവന്റെ അനിയനേയും കണ്ടു…

“ന്താ ഡാ വേലാ… കല്യാണീടെ കരച്ചില്‍… ന്താ ണ്ടായേ…?”

“അറീല്ലാ മാഷേ… ഓള്‍ടെ കുട്ടിക്കെന്തോ പറ്റീന്നാ കേട്ടേ… അറീല്ലാ…”

കാലങ്ങളായി പുതുക്കി മേയാന്‍ പറ്റാതെ ദ്രവിച്ച മേല്‍ക്കൂരയുള്ള കല്യാണിയുടെ വീട്ടില്‍ അതിനോടകം തന്നെ ആളുകള്‍ തടിച്ചുകൂടിയിരുന്നു. വഴിയില്‍ പോലീസ്‌ ജീപ്പ്‌. പകുതി അടിച്ചുവാരിയ മുറ്റത്ത്‌ ചൂല്‍ അലക്ഷ്യമായി കിടക്കുന്നു…

അവള്‍ നെഞ്ചത്തടിച്ച്‌, അലമുറയിട്ട്‌ കരയുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥനാക്കി.

അകത്തേക്ക്‌ കയറാന്‍ എനിക്കെന്തോ പറ്റാത്ത പോലെ…. ഇന്നലെ വൈകീട്ട്‌ കൂടി പാല്‍പാത്രവുമായി, ഒക്കത്ത്‌ അവളുടെ പിഞ്ചോമനയുമായി എന്റെ വീടിന്റെ മുന്നില്‍ നിന്നവള്‍… ഇന്നിതെന്തേ….?

ചാണകം മെഴുകിയ വരാന്തയില്‍ തല താഴ്തിയിരുന്ന ബാലന്‍മാമയെ ഞാന്‍ കണ്ടു…

“ബാലേട്ടാ…. ന്താ ണ്ടായേ… ഓള്‍ടെ പിള്ളക്കെന്താ ണ്ടായേ…?”

“മാഷേ… മനുഷ്യമ്മാര്‍ മൃഗങ്ങളാ മാഷേ… ആരേം, ഒന്നിനേം തിരിച്ചറിയാത്തെ കാട്ട്‌ മൃഗങ്ങള്‍…. ല്ലെങ്കി ആ പിഞ്ച്‌ കുഞ്ഞിനെ ഇങ്ങനെ….”

“ബാലാ… എന്താ ണ്ടായേന്ന് പറ നീ…”

“നിക്കറീല്ലേന്റെ മാഷേ… പിന്നാമ്പുറത്തെ കനാല്‍ കടവില്‍ ജീവനില്ലാതെ കെടക്കുണൂ അത്‌… ആരെങ്കിലും അതിനെ അവിടെ കൊണ്ടിടാതെ എങ്ങന്യാ… ”

“ഈശ്വരാ…. ന്താ ഈ കേക്കണെ… നടക്കാന്‍ പ്രായാവാത്ത അ കുഞ്ഞിതെങ്ങിനെയാ ഡാ? ആരാ ദ്‌ ചെയ്തേ…?”

“ഒന്നും അറീല്ലാ… ഓന്‍ കുട്ട്യേം കൊണ്ട്‌ ഈ വരാന്തേലാ ത്രേ കെടക്കാറ്‌. രാവിലെ കല്യാണി വന്ന് നോക്കീപ്പോ ഓന്റെടുത്ത്‌ കുട്ടീല്ല്യ. തെരഞ്ഞ്‌ തെരഞ്ഞ്‌ ചെന്നപ്പ്ലല്ലേ… ശ്വാസല്യാണ്ട്‌ കെടക്കണൂ… ”

“ന്നാലും കുട്ട്യെങ്ങനെ അവിടെ?”

“മാഷേ… അതിന്റെ കെടപ്പ്‌ കണ്ടട്ട്‌ അത്ര പന്തിയല്ലാ മാഷേ… ആ പിഞ്ച്‌ കുഞ്ഞിനേ ആരോ….”

ബാലന്‍ അത്‌ മുഴുവനാക്കുന്നതിനു മുന്‍പേ ഒരു കൂട്ടം ആള്‍ക്കാര്‍ കനാല്‍ കടവില്‍ നിന്നും വരുന്നത്‌ ഞാന്‍ കണ്ടു. ഒപ്പം പോലീസുകാരും.

കല്യാണിയുടെ കെട്ട്യോന്‍ രാജന്റെ കയ്യില്‍ ഒരു കൊച്ച്‌ തുണിക്കെട്ട്‌. അടുത്തെത്തിയപ്പോള്‍ കണ്ടു… ആ പിഞ്ചോമനയുടെ പതുപതുത്ത ചുണ്ടുകളും കൊച്ചു കവിളുകളും ചോരയില്‍ നനഞ്ഞിരിക്കുന്നു. മണ്‍ തരികള്‍ അവളുടെ മനോഹരമായിരുന്ന കണ്ണുകള്‍ക്ക്‌ മുക്കളില്‍ ചിതറിക്കിടന്നു. ഞാന്‍ “ഇക്രൂ…” ന്ന് വിളിക്കുന്ന ആ കുഞ്ഞുമോളുടെ മുഖം നീരു വെച്ച്‌ വിക്രിതമായിരുന്നു…

സഹിക്കാനായില്ലെനിക്ക്‌… എന്താണ്‌ ഞാന്‍ കണ്ടത്‌… പാപങ്ങളുടെ ലോകത്തെ കുറിച്ചൊന്നുമറിയാതെ, മാലാഘയെപ്പോലെ ചിരിച്ചിരുന്ന ഒരു ചെറു പൈതല്‍…

അവള്‍ക്കിതെന്ത്‌ പറ്റി…? എന്റെ കണ്ണുകള്‍ പതിവില്ലാതെ നനഞ്ഞു… അത്‌ വിതുമ്പലായി… മറ്റുള്ളര്‍ക്കൊപ്പം ഞാനും കരഞ്ഞു…

“ന്റെ പൊന്നേ… നീ പൊയോ… നിനക്ക്‌ പാല്‌ വേണേങ്കി പറയായിരുന്നില്ലേ ന്റെ അമ്മിഞ്ഞേ…. അമ്മക്ക്‌ നീയല്ലേ ള്ളൂ… എന്തിനാ നീ ന്നോട്‌ പെണെങ്ങിയേ ന്റെ മ്മിഞ്ഞേ…. അയ്യോ….”

കല്യാണി അലറിക്കരഞ്ഞുകൊണ്ട്‌ പുറത്തേക്കോടി വന്നു….

കരഞ്ഞ്‌ തളര്‍ന്ന അവളുടെ വാക്കുകള്‍ക്ക്‌ ശക്തി കുറഞ്ഞിരുന്നു. കണ്ണുകള്‍ കലങ്ങി ഭയാനകമയ ഒരു അവസ്ഥയിലായിരുന്നു. മൂന്ന് നാലു പേര്‍ ഒരുമിച്ച്‌ പിടിച്ചിട്ടും അവളെ തടയാന്‍ അവര്‍ക്കായില്ല. അവരുടെ കയ്കളിള്‍ തൂങ്ങിക്കിടന്നപ്പോഴും അവള്‍ അലറിക്കരഞ്ഞു… മിണ്ടാതെ പോയ തന്റെ പൊന്നോമനയെ ഓര്‍ത്ത്‌….

പോലീസുകാര്‍ അവളെ പിടിച്ചെണീപ്പിച്ചു. അകത്തേക്ക്‌ ബലമായി പിടിച്ചുകൊണ്ടുപോയി. അവിടെ നിന്നവര്‍ക്കെല്ലാം കരയാനല്ലാതെ മറ്റൊന്നും ചയ്യാന്‍ അറിയുമായിരുന്നില്ല…. എനിക്കും.

തുണിയില്‍ പൊതിഞ്ഞ ആ പൈതലിന്റെ മൃതശരീരവുമായി രാജന്‍ ആമ്പുലന്‍സില്‍ കയറി. ഞാന്‍ അവനെ നോക്കി… അവന്‍ കരയുന്നില്ല. വീര്‍ത്ത മുഖവുമായി, താഴ്തിപ്പിടിച്ച തലയുമായി, അവന്‍ ആ തുണിക്കെട്ടിനുള്ളിലേക്ക്‌ നോക്കിയിരിക്കുന്നു. ചുറ്റും നറ്റക്കുന്നതൊന്നും അറിയാത്ത പോലെ… അച്ഛനും, മകളും മാത്രമുള്ളൊരു ലോകത്തിരിക്കുന്ന പോലെ…

പോസ്റ്റുമാര്‍ട്ടം കഴിഞ്ഞ്‌ അന്ന് വൈകീട്ട്‌ അമ്മിണിയുടെ അമ്മിഞ്ഞക്കുട്ടിയെ അവളുടെയച്ഛന്‍ കത്തിച്ചു കളഞ്ഞതറിയാതെ, ബോധം നശിച്ച്‌ കല്യാണി ഉറങ്ങി. അവളുടെയടുത്ത്‌ അമ്മിഞ്ഞക്കുട്ടിയുടെ കുട്ടിക്കുപ്പായങ്ങളും, കിലുക്കാം പെട്ടിയും കൂട്ടില്ലാതെ കിടന്നു….

എതാനും ആഴ്ചകള്‍ക്ക്‌ ശേഷം നാട്ടിലെ മഹാ വഷളനും, സദാ സമയവും ലഹരി വേശ്യാലയമാക്കിയിരുന്നവനുമായ ജയന്‍ എന്ന ചെറുപ്പക്കാരനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ കൊന്നു എന്ന കേസില്‍. മാസങ്ങള്‍ക്ക്‌ ശേഷം അവന്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ആ നാട്ടില്‍ നിന്നും മറ്റെവിടെക്കോ പോയി… വേറൊരു “ഇക്രു” വിനേയും നോക്കി… വേറൊരു “അമ്മിഞ്ഞ” ക്കുട്ടിയേയും നോക്കി…

വാല്‍ക്കഷണം : ഏതാനും വര്‍ഷങ്ങള്‍ മുമ്പ്‌ നമ്മുടെ സ്വന്തം കേരളത്തിലെ ഒരു കൊച്ച്‌ ഗ്രാമത്തില്‍ നടന്ന ഒരു സംഭവമാണ്‌ ഈ കഥക്ക്‌ അധാരം. പുറത്തിറങ്ങിയ ആ മിടുക്കന്‍ വീണ്ടും ഒരു പെണ്‍കുട്ടിയ, അതും ഒരു പള്ളിക്കകത്ത്‌ വെച്ച്‌ പീഡിപ്പിച്ചു കൊന്നു… ആരുമറിയാതെ. അന്നവനെ നാട്ടുകാര്‍ പിടികൂടി പെരുമാറിയെങ്കിലും ജീവന്‍ തിരിച്ചുകൊടുത്തു. എന്തിനാണവരങ്ങനെ ചെയ്തതെന്ന് എനിക്ക്‌ മനസ്സിലായില്ല… അവനിന്നും ജീവിച്ചിരിക്കുന്നുണ്ട്‌… ഒരുപക്ഷേ ആരുമറിയാതെ രാത്രികളില്‍ അവനിപ്പൊഴും ആഘോഷിക്കുന്നുണ്ടാവും… പഴയപോലെ തന്നെ.

മരണം അര്‍ഹിക്കുന്നവര്‍.

•ഏപ്രില്‍ 15, 2008 • 11അഭിപ്രായങ്ങള്‍

അറിഞ്ഞുകൊണ്ട്‌ ആരെയും ഒരിക്കലും ഉപദ്രവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല… ചെറിയൊരു പാപം കണ്ടാല്‍ പോലും വേദനിക്കുന്ന എനിക്കെന്തേ ദൈവം ഇങ്ങനെ ഒരു വിധി തന്നു…

എന്നും ഇതേ അലോചന തന്നെയാണ്‌ വേണൂന്‌. 2 കൊല്ലം മുന്‍പ്‌ വന്ന ഒരു സ്റ്റ്രോക്‌. അതിന്റെ റിസള്‍ട്ട്‌, കഴുത്തിന്‌ താഴെ ചലനമില്ലാത്ത ശരീരം. അന്നെന്തേ തന്റെ ജീവന്‍ മുഴുവനായും അങ്ങോട്ടെടുക്കാത്തേ.. എന്ന് വേണു പലവട്ടം സകല ദൈവങ്ങളോടും ചോദിച്ചു…

എപ്പൊഴും ദൈവങ്ങളെ പ്രാര്‍ഥിച്ച്‌ കിടക്കാന്‍ അമ്മ പൂജാമുറിയിലെ ദൈവങ്ങളെ ഇപ്പൊ വേണുന്റെ മുറിയിലെ ചുമരില്‍ ഉറപ്പിച്ചിരിക്കുന്നു. സദാ നേരവും കണ്ണ്‍ തുറന്നാല്‍ കാണുന്ന സ്ഥിരം ഫോട്ടോകള്‍ അവന്‌ മടുത്ത്‌ തുടങ്ങിയിരുന്നു.

വേണു കരഞ്ഞാല്‍ കണ്ണിരുതുടക്കാന്‍ അവന്റെ അമ്മ അടുത്തുണ്ടാകും. സാരിത്തുമ്പ്‌ കൊണ്ട്‌ അവന്റെ കണ്ണ്‍ തുടക്കുമ്പോള്‍ ആ അമ്മ വേണുവിന്റെ മുഖത്തേക്ക്‌ നോക്കില്ല. ഒടുവില്‍ അടുക്കളയില്‍ പോയി തേങ്ങും… വളരെ പതിഞ്ഞ ശബ്ധമെങ്കിലും, വേണുവിനത്‌ കേള്‍ക്കാമായിരുന്നു.

ഒരു ഹോം നേഴ്സാവാന്‍ തനിക്കാവില്ലെന്ന് തുറന്ന് പറയാന്‍ മിടുക്ക്‌ കാണിച്ച്‌ വേണുവിന്റെ ഭാര്യ പോയി. ആ ദുഖം പക്ഷേ വേണൂന്‌ ഒട്ടും ഭാരിച്ച്തതായിരുന്നില്ല. ഒരു പക്ഷേ ഈ ജന്മത്തില്‍ ഒരു ഭാര്യയുടെ കടമ നിറവേറ്റാന്‍ വിധിച്ചത്‌ ഇവള്‍ക്കായിരിക്കും, എന്നെ നോക്കാന്‍ വന്ന ഈ ഹോം നേഴ്സിനായിരിക്കും.

വേണുവിന്റെ തലച്ചോറില്‍ തനിക്ക്‌ മൂത്രശങ്കയുണ്ടോ… മലവിസര്‍ജ്ജനത്തിന്‌ സമയമായൊ എന്നൊന്നും മനസ്സിലാക്കാന്‍ ഉള്ള കഴിവില്ല… താനറിയാതെ അതെല്ലാം സംഭവിക്കുന്നു… അവള്‍ വന്ന് ഒട്ടും മടിയില്ലാതെ, അറപ്പില്ലാതെ… ചിരിച്ച മുഖവുമായി എല്ലാം വൃത്തിയാക്കും… അവനറിയാം, ആ ജോലിക്ക്‌ അമ്മ പോലും മെനക്കെട്ടിട്ടില്ലാ… കുറച്ച്‌ പണത്തിന്‌ വേണ്ടി ചെയ്യുന്നതെങ്കിലും, ഈ ജന്മത്തില്‍ ഇവളോടല്ലാതെ വേറെയാരോടാണ്‌ കടപ്പാട്‌ വേണ്ടത്‌?

അവന്‍ അവളുടെ കണ്ണുകളിലേക്ക്‌ എപ്പൊഴും നോക്കും. ഒട്ടും നാണമില്ലാതെ, അവന്റെ നഗ്നമേനി മുഴുവന്‍ അവള്‍ തുടച്ച്‌ വൃത്തിയാക്കും… ഒരു കൊച്ച്‌ കുഞ്ഞിന്‌ കൊടുക്കുന്ന പോലെ വായില്‍ കുറുക്കിയ പഴച്ചാര്‍ ഇറ്റിച്ച്‌ കൊടുക്കും… പുറത്തേക്ക്‌ ഒലിച്ചിറങ്ങുന്ന പഴച്ചാര്‍ അവള്‍ കയ്കൊണ്ട്‌ വടിച്ചെടുക്കും… ഒപ്പം ഒന്നുമറിയാത്ത പോലെ അവന്റെ കണ്ണീരും.

ആദ്യമാദ്യം തന്റെ ചലനമില്ലാത്ത നഗ്നമേനിയിലെ വെയിലു കൊള്ളാതെ നിറം മങ്ങി വരണ്ടപോലെയായ ശരീരത്തിനെ അവള്‍ വൃത്തിയാക്കുമ്പോള്‍ അവന്‍ കണ്ണടക്കുമായിരുന്നു. പിന്നീടത്‌ മാറി, അവന്‍ അവളെ തന്നെ തുറിച്ച്‌ നോക്കി കിടന്നു.

വേണുവിനറിയാമായിരുന്നു… തന്നെ ഒന്ന് കൊന്ന് തരാന്‍ ഒരിക്കലും ആര്‍ക്കും തോനുകയില്ലെന്ന്. എല്ലാരുടെയും കണ്ണുകളില്‍ ദയ. എന്നെ മരിക്കാന്‍ വിടാതെ, എന്റെ മുന്നില്‍ നിന്ന് എന്നും അവര്‍ കരയും… കുറെ കരഞ്ഞിട്ട്‌ തിരിച്ചു പോകും. ചിലര്‍ കരയില്ല. മുഖത്ത്‌ കൃത്രിമമായി തേച്ച്‌ വച്ച ദുഖം… അവനതൊക്കെ കണ്ട്‌ മതി വന്നിരുന്നു…

തെളിഞ്ഞ മുഖവുമായി, വീട്ടിലെ വിശേഷങ്ങളോരോന്നായി പറഞ്ഞ്‌, മുറപോലെ മരുന്ന് തന്ന് താന്‍ ഉറങ്ങും വരെ കത്തിരിക്കുന്ന അവളെ വേണുവിന്‌ പതുക്കെ ഇഷ്ടമായിത്തുടങ്ങി. ആര്‍ക്കും വേണ്ടാത്ത ഈ ജീവിതത്തില്‍, തന്നെ ഒരു ഭാര്യയെപ്പോലെ നോക്കുന്നു ഇവള്‍. എപ്പൊഴും തന്റെയടുത്തേക്ക്‌ നടന്നു വരുന്ന അവളുടെ കാലടി ശബ്ദത്തിനായ്‌ അവന്‍ കാതോര്‍ത്തിരിക്കും. ഒരു വശം തളര്‍ന്ന ചുണ്ട്‌ കൊണ്ടവന്‍ പതിയെ ചിരിക്കാന്‍ ശ്രമിക്കും. അവളില്‍ നിന്നും കണ്ണെടുക്കാതെ…

“എന്തേ വേണുവേട്ടാ… ഇങ്ങനെ നോക്കണെ..?” അവള്‍ ചോദിച്ചു.

“ഉം… ഇങ്ങനെ കിടന്ന് മതിയായി എന്നാണോ? അങ്ങനെ ഒന്നും വിചാരിക്കണ്ടാ. ഞങ്ങളൊക്കെ ഇല്ലേവിടെ? അമ്മേണ്ട്‌… ഞാനിണ്ട്‌… പിന്നെന്താ…”

അവള്‍ അവന്റെ കാതിന്റെ തൊട്ടരികില്‍ മുഖം വെച്ച്‌ വലരെ പതിഞ്ഞ സ്വരത്തില്‍ അവനോട്‌ പറഞ്ഞു,

“ഞാനില്ലേ… എല്ലാം നോക്കാന്‍… കെട്ട്യോളേക്കാളും നന്നായിട്ട്‌ നോക്കാന്‍…”

അല്‍പനേരത്തേക്കെങ്കിലും വേണു തന്റെ നശിച്ച ജീവിതത്തെ മറന്ന് സന്തോഷിച്ചു. ഇനിയും മരിക്കാതിരിക്കാന്‍ ആശിച്ചു… എന്നും ഇങ്ങനെ.. ഇതേ അവസ്ഥയില്‍.. അപ്പൊഴല്ലേ, ഇവളെന്നെ നോക്കാന്‍ ഉണ്ടാവുകയുള്ളൂ…

വേണു പതിയെ മരണത്തിന്റെ ഇരുണ്ട സ്വപ്നലോകങ്ങളില്‍ നിന്നും സ്നേഹത്തിനെ നിറങ്ങളുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അവളെ മാത്രം ഓര്‍ത്തിരിക്കാന്‍ തുടങ്ങി.

രാവിലെ കണ്ണ്‍ തുറന്ന വേണുവിനെ കാത്തിരിക്കാന്‍ അന്ന് അവളുണ്ടായിരുന്നില്ല. അവന്‍ കണ്ണുകള്‍ ചുറ്റും കറക്കി നോക്കി.. ഇല്ലാ.. അവള്‍ ഇവിടെയില്ലാ… നേരമേറെ കഴിഞ്ഞിട്ടും അവളെ കണ്ടില്ല.

“എന്താ മാഷേ… എന്നെ കാത്തിരുന്ന് മടുത്തോ…?”

അവളുടെ ശബ്ദം. അവനപ്പൊഴാണ്‌ ആശ്വാസമായത്‌.

അവളടുത്ത്‌ വന്ന് അവന്റെ തലമുടിയില്‍ കൈവിരലുകള്‍ ഓടിപ്പിച്ച്‌ പറഞ്ഞു…

“ഇനി ഇങ്ങനെ കാത്തിരിക്കാന്‍ ഞാന്‍ ഉണ്ടാവില്ലാ ട്ടോ.. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും വേറെ ആള്‍ വരും, വേണൂനെ നോക്കാന്‍. ഞാന്‍ വേറെ ഒരിടത്തേക്ക്‌ പോകും… ഇതേപോലെ…”

വേണുവിന്റെ കണ്ണുകള്‍ തുറിച്ചു. അവന്റെ വിലാപം അവളെയറിയിക്കാന്‍ അവന്റെ മനസ്സ്‌ വിതുംബി. ഒരുപക്ഷേ അവള്‍ക്കെല്ലാം മനസ്സിലാകുന്നുണ്ടാകാം.

എന്നെത്തെയും പോലെ അവന്റെ ശരീരം വൃത്തിയാക്കി, മരുന്നൊക്കെ കൊടുത്ത്‌ അവള്‍ പോകാന്‍ തയ്യാറായി…

അവളുടെ കയ്യിലെ ബാഗ്‌ കണ്ടപ്പോ വേണുവിന്‌ മനസ്സിലായി.. അവള്‍ പോകുകയാണെന്ന്.

അവന്‍ അവളെ നോക്കി കിടന്നു… ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട്‌.

അവളടുത്തേക്ക്‌ വന്ന് അവന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ സാരിത്തലപ്പുകൊണ്ട്‌ അവന്റെ കണ്ണീരൊപ്പി.

“പെട്ടെന്ന് എണിറ്റ്‌ നടക്കാറാവുംട്ടോ. ഒന്നും പെടിക്കെണ്ടാ. ഞാന്‍ ഇടക്കിടെ കാണാന്‍ വരാം…”

അവള്‍ അവിറ്റെനിന്നും എണിറ്റ്‌ നടന്നു… എന്നും കാത്തിരിക്കാറുള്ള ആ കാലടികള്‍ ഇനി വരില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വേണുവിന്റെയുള്ളില്‍ ഭീതി നിറഞ്ഞു.

അവള്‍ പോയി…

അവന്റെ കണ്ണുകള്‍ ചുമരിലെ ചിത്രങ്ങളിലേക്ക്‌ നീണ്ടു.

അവര്‍ ചിരിക്കുന്നുണ്ടോ???

പ്രതീക്ഷിക്കാതെ വന്ന്, പ്രതീക്ഷിക്കാതെ തന്നെ പോയ ആ സ്നേഹത്തെക്കുറിച്ചോര്‍ത്ത്‌ അവന്‍ കിടന്നു…

തന്നെ ഇനിയും ചാവാതെ നോക്കാന്‍ വരുന്ന അടുത്തയാളെയും കാത്ത്‌.