ജീവന്റെ കാവല്‍ക്കാര്‍.

വൈകുന്നേരങ്ങളില്‍ ഓഫീസിനടുത്തുള്ള പാര്‍ക്കില്‍ അല്‍പനേരം ഒറ്റക്ക്‌ പോയി ഇരിക്കുക എന്നത്‌ എന്റെ ഒരു സ്വഭാവാമായിരുന്നു. ഒറ്റക്കിരിക്കുമ്പൊ എന്തെന്നില്ലാത്ത ഒരു സുഖം തോനുന്നു. സമൂഹത്തിനോട്‌, എന്റെ മാനേജറോട്‌, എന്റെ ഭാര്യയോട്‌, മക്കളോട്‌.. എല്ലാം എങ്ങിനെ പെരുമാറണമെന്നുള്ളത്‌ ഇനിയും അറിയാത്തത്‌ കൊണ്ടാവാം… ഇന്നും എനിക്ക്‌ ഒറ്റക്കൈരിക്കാന്‍ ഒരുപാടിഷ്ടമാണ്‌.

തണുപ്പ്‌ തുടങ്ങിയിരിക്കുന്നു… വൈകുന്നേരം 6 മണി കഴിഞ്ഞപ്പോഴേക്കും നല്ല തണുപ്പായിരിക്കുന്നു. വഴികളില്‍ ഇരു വശവും തണുപ്പില്‍ കുതിര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍… അതിന്നടിയില്‍ അപ്പിളും, പഴവര്‍ഗ്ഗങ്ങളും വില്‍ക്കുന്നവര്‍… ഇന്നെന്തൊ, പതിവില്ലാതെ അവരെന്നെ നോക്കി നില്‍ക്കുന്ന പോലെ.

ഞാന്‍ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചില്‍ ഇന്ന് 2 കമിതാക്കള്‍ ഇടം പിടിച്ചിരിക്കുന്നു. ഞാന്‍ വെറുതേ ശ്രദ്ധിച്ചു.. അവള്‍ കരയുകയാണ്‌. അവന്‍ അവളുടെ മൃദുലമായ കയ്യുകള്‍ മുറുകെ പിടിച്ചിരിക്കുന്നു. അവര്‍ക്കു ചുറ്റും ദുഖത്തിന്റെ ഒരു പടലം ഉള്ള പോലെ…

മറ്റൊറു സ്ഥലം നോക്കി നടന്നു. ഒരു മൂലയില്‍ ആരും അധികം വന്നിരിക്കാത്ത ഒരു ബഞ്ചില്‍ ഞാന്‍ ചെന്നിരുന്നു. ഞാന്‍ ആ കമിതാക്കളെ ഒന്നുകൂടി തിരിഞ്ഞു നോക്കി… അവളുടെ ശബ്ദം ഉയര്‍ന്നു വന്നു… അവളുടെ ചേരുവകള്‍ അളന്നെടുക്കാന്‍ അവനു കഴിയാഞ്ഞതിലാണോ.. അതോ അവന്‍ മറ്റൊരുത്തിയില്‍ കൂടുതല്‍ സൗന്ദര്യം കണ്ടതിനാലാണൊ എന്നറിയില്ല… അവന്‍ താഴെ നോക്കിയിരിക്കുക മാത്രം ചെയ്തു… എല്ലാവരേയും പോലെ. മനസ്സിലെവിടെയോ ഒരു വേദന തോന്നി എനിക്കപ്പോള്‍…

“പ്രണയം ഒരു പഴയ പുസ്തകമായി ഇപ്പൊഴും കൊണ്ടുനടക്കുന്നുണ്ടല്ലെ…”

തൊട്ടടുത്തുനിന്നും കേട്ട ആ ശബ്ദം കേട്ട്‌ ഞാന്‍ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. എന്റെയെടുത്ത്‌ ഒരു 50 -നോട്‌ അടുത്ത്‌ പ്രായം തോനിക്കുന്ന ഒരാള്‍… നല്ല തെളിഞ്ഞ മുഖം, സഫാരി സൂട്ട്‌, കയ്യില്‍ ഒരു പഴയ പുസ്തകം… ഒരു ചെറു ചിരിയോടെ അയാള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അയാളെ കാര്യമാക്കാതെ ഞാന്‍ ഇരുന്നു.

“ആ ഇരിക്കുന്ന കമിതാക്കളില്‍ ഒരാള്‍ തന്റെ മകനോ മകളൊ ആണെന്ന് സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ടൊ.. വെറുതെ…?” ഉറച്ച ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“എനിക്കീ പ്രായത്തിലുള്ള മക്കളില്ല… മാത്രവുമല്ല, എന്റെ മക്കളെ എങ്ങിനെ വളര്‍ത്തണമെന്നെനിക്കറിയാം…” ഞാന്‍ പറഞ്ഞു.

“സുഹൃത്തേ, അപ്പൊള്‍ താങ്കള്‍ പറഞ്ഞതിനര്‍ഥം,കാലം ചെയ്ത താങ്കളുടെ അഛന്‍ ശ്രീ: മാധവന്‍ നായര്‍ സ്വന്തം മക്കളെ ശരിക്ക്‌ വളര്‍ത്തിയില്ലാ എന്നാണൊ?” അയാള്‍ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

എന്റെ അഛന്റെ പേര്‌ മാധവന്‍ നായര്‍ ആണെന്ന് ഇയാള്‍ക്കെങ്ങിനെ പിടികിട്ടി? അച്ചന്‍ മരിച്ചുപോയ കാര്യവും ഇയാള്‍ക്കെങ്ങനെ അറിയാം? അധവാ അഛന്റെ മിത്രമാണെങ്കില്‍ കൂടി, ഞാന്‍ പണ്ട്‌ പ്രണയിച്ചു നടന്ന കാര്യം ഇയാള്‍ക്കെങ്ങിനെ അറിയാം? തെല്ലൊരത്ഭുതത്തോടെ ഞാന്‍ ചോദിച്ചു…
“അല്ലാ.. എന്റെ അഛനെ എങ്ങിനെ….”

“അറിയാം.. തന്റെ അച്ചനേയും, തന്നെയും.. ഒക്കെ എനിക്കറിയാം… പക്ഷെ, നിങ്ങള്‍ക്ക്‌ എന്നെ അറിയില്ലാന്നു മാത്രം. ഹ ഹ..” എന്നെ കളിയാക്കുന്ന പോലെ അയാള്‍ പറഞ്ഞു.

എന്റെ മുഖത്ത്‌ ഒരുപാട്‌ ചോദ്യങ്ങള്‍ അപ്പൊ ഉയര്‍ന്നുവന്നു… അത്‌ നന്നായി മനസ്സിലാക്കിയിട്ടെന്നോണം, അയാള്‍ പറഞ്ഞു…

“വെല്‍, അയാം തോമസ്‌, തോമസ്‌ പനമ്പിള്ളി.ഞാന്‍ ഇവിടെ അടുത്ത്‌ ജീവന്‍ രക്ഷാ വേദി എന്ന ജീവ കാരുണ്യ പ്രവര്‍ത്തന സമിതിയുടെ അധികാരിയാണ്‌. അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ സഹായം എത്തിച്ചു കൊടുക്കുകയാണ്‌ എന്റെ സമിതിയുടെ പ്രധാന ലക്ഷ്യം” താങ്കളെ കണ്ടപ്പൊള്‍ നല്ല പരിചയം തോന്നി… അത്ര മാത്രം. തങ്കളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌… ” അദ്ധേഹം പറഞ്ഞു.

“ഞാനും. പക്ഷേ, എങ്ങിനെ എന്നെക്കുറിച്ചും, എന്റെ അഛനെ കുറിച്ചും ഒക്കെ അറിയാം? ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ലല്ലൊ” ഞാന്‍ എന്റെ ആകാക്ഷ പുറത്ത്‌ വിട്ടു.

“ഹ ഹ… അതോക്കെയുണ്ട്‌. ഞാന്‍ ഇവിടെ അധികം വരാറില്ല. തന്നെപ്പോലെ ഒറ്റക്കിരിക്കാന്‍ ഒട്ടു സമയമില്ല എന്നു തന്നെ കരുതിക്കോളൂ… അത്‌ പോട്ടെ, തനിക്ക്‌ ഒറ്റക്കിരിക്കാന്‍ വലിയ ഇഷ്ടമാ ല്ലേ..? ഏതാണ്‌ ഇഷ്ട വിഷയം.. ഇങ്ങനെ നേരം കളയുമ്പോള്‍ ചിന്തിക്കാന്‍ തോനുന്നത്‌? ” അയാള്‍ ചോദിച്ചു…

എനിക്ക്‌ ഇനിയും അമ്പരപ്പ്‌ മാറിയില്ല… മേറ്റെന്തോ അലോചിച്ച്‌ ഞാന്‍ അറിയാതെ പറഞ്ഞു.. “മരണം… അതാണെന്റെ ഇഷ്ട വിഷയം”

“ആണോ… മരിക്കാനാണൊ കൂടുതല്‍ ഇഷ്ടം? അതോ, മരിക്കുന്നത്‌ കാണാനൊ? ”

“രണ്ടും. സ്വയം മരിക്കുനത്‌ കാണാന്‍ പറ്റുമോ? എങ്കില്‍ അതാണെനിക്കിഷ്ടം… ” നല്ലൊരു മറുപടി പറഞ്ഞ ഭാവത്തില്‍ ഞാന്‍ ഒന്നു ചിരിച്ചു.

“പിന്നെന്താ… കാണാലോ.. നമ്മള്‍ മരിക്കുന്നത്‌ നമുക്ക്‌ തന്നെ കാണാം, അനുഭവിച്ചറിയാം… ” അയാള്‍ പറഞ്ഞു.

എനിക്ക്‌ കുറച്ച്‌ താല്‍പ്പര്യം തോന്നി.. ഇയാള്‍ ആളു മോശമില്ലാലൊ…

“അതെങ്ങിനെ ? ഞാന്‍ മരിക്കുന്നത്‌ എനിക്കു തന്നെ കാണാന്‍ പറ്റുമോ? ” ഞാന്‍ ചോദിച്ചു.

“പറ്റും. ഒരാള്‍ മരിക്കുന്നതിനു മുന്‍പേ, താന്‍ മരിക്കാന്‍ പോകുകയാണെന്ന് സ്വയം അറിയാമെങ്കില്‍, അയാള്‍ക്ക്‌ സ്വന്തം മരണം അനുഭവിക്കാം… അതിന്റെ വേദനയും.” അയള്‍ പറഞ്ഞു.

“അതെങ്ങനെ? ഞാന്‍ മരിക്കാന്‍ പോകുന്ന കാര്യം നേരത്തെ എങ്ങിനെ അറിയും? ” ഞാന്‍ ചോദിച്ചു.

“മരണം നേരത്തെ കൂട്ടി എല്ലാമനുഷ്യര്‍ക്കും അറിയുവാന്‍ കഴിയും. സ്വന്തം മരണം മാത്രമല്ല… മറ്റുള്ളവരുടെ മരണവും നമുക്കറിയാന്‍ പറ്റും. അതിനുള്ള രണ്ട്‌ മാര്‍ഗ്ഗങ്ങളാണ്‌ ആത്മഹത്യയും, കൊലപാതകവും…” അയാള്‍ പറഞ്ഞു.

എന്റെ കണ്ണുകള്‍ വിടര്‍ന്നു.. ഇയാള്‍ എന്തൊക്കെയാണീ പറയുന്നത്‌…

അയാള്‍ തുടര്‍ന്നു…

“ഉദാഹരണത്തിന്‌, വിഷം കഴിച്ചോ, കെട്ടിത്തൂങ്ങിയോ നിങ്ങള്‍ മരിക്കാന്‍ പോകുന്നു. അപ്പൊള്‍ താങ്കള്‍ക്കറിയാം, മരണം തീര്‍ച്ചയാണെന്ന്. സ്വയം മനസ്സിലാക്കി, മരണത്തിന്റെ വേദനയെ സ്വയം സ്വാഗതം ചെയ്തു കൊണ്ട്‌ നിങ്ങള്‍ യാത്രയാവുന്നു. എല്ലാം നേരത്തെ അറിയാവുന്ന താങ്കള്‍ മരിക്കുമ്പോള്‍ ഭയപ്പെടുന്നില്ല… അവിടെ ആ മരണം താങ്കളുടെ മുമ്പില്‍, താങ്കള്‍ സ്വയം കാണുന്നു.
ഇനി മറ്റൊരുദാഹരണം… ഞാന്‍ താങ്കളെ കൊല്ലാന്‍ വരുന്നുവെന്ന് കരുതുക. താങ്കള്‍ക്ക്‌ ഉറപ്പാണ്‌ ഞാന്‍ തന്നെ കൊല്ലുമെന്ന്. കൊല്ലുന്ന എനിക്കും, തനിക്കും അത്‌ നന്നായി അറിയാം. ആത്മഹത്യ അല്ലെങ്കിലും, താന്‍ സ്വയം മരിക്കുന്നതിന്‌ ഉള്ളില്‍ തയ്യാറാവുന്നു. ഒരു മരണം കാണാന്‍ ഞാനും ഉള്ളില്‍ തയ്യാറാവുന്നു. അവിടെയും ഒരു പരോക്ഷ ശക്തിയാല്‍ താങ്കള്‍ മരണത്തെ അനുഭവിക്കുന്നു. മരണത്തിന്റെ വേദനയേക്കാളും, തനിക്ക്‌ നഷ്ടമാവുന്ന ജീവിതത്തിനെ ഓര്‍ത്ത്‌ താങ്കള്‍ അപ്പോള്‍ വാവിട്ട്‌ കരയും… തന്നെ മൊറ്റൊരാള്‍ കൊല്ലുന്നതോര്‍ത്ത്‌ താങ്കള്‍ കരയും. പക്ഷേ താങ്കള്‍ സ്വയം കൊല്ലുമ്പോള്‍ കരയുമോ? ഇല്ല… ശരിയല്ലേ?”

ഒന്നും മനസ്സിലാവാതെ ഞാന്‍ അയാളെ തന്നെ തുറിച്ച്‌ നോക്കി…

എന്റെ തോളത്ത്‌ തട്ടി, ചിരിച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു…

“സുഹൃത്തേ… താങ്കള്‍ കരുതുന്ന പോലെ സ്വയം അനുഭവിച്ചുകൊണ്ടുള്ള മരണം ഒരു സുഖമല്ല.. ഒരു ദുഖമാണ്‌. നമ്മെ അറിയുന്ന മറ്റ്‌ പലരെയും അത്‌ ബാധിക്കും… വളരെയധികം. നാം നമ്മളറിയാതെ മരിക്കുന്നതാണ്‌ നല്ലതെന്ന് എനിക്കു തോനുന്നു…”

ഞാന്‍ ചിരിച്ചു… ഇതിലൊന്നും ഒന്നുമില്ലെന്ന മട്ടില്‍. അപ്പൊഴാണെനിക്കോര്‍മ്മ വന്നത്‌, എനിക്ക്‌ വീട്ടിലേക്ക്‌ പോകാന്‍ സമയമായി… എനിക്കുള്ള ബസ്‌ ഇപ്പൊ വരും…

“ക്ഷമിക്കണം, എനിക്ക്‌ പോകാന്‍ സമയമായി… നമുക്ക്‌ മറ്റൊരവസരത്തില്‍ കാണാം…” ഞാന്‍ പറഞ്ഞു.

“അങ്ങിനെ ആവട്ടെ… വണ്ടി വരാറായി ലേ…” അയാള്‍ ചോദിച്ചു.

“അതേ, നേരം വൈകി… ചിലപ്പോള്‍ എനിക്ക്‌ വണ്ടി കിട്ടിയെന്നു വരില്ല. എങ്കില്‍ ശരി.. കാണാം”

“ഒരു കാര്യം ചോദിക്കട്ടെ…” പെട്ടെന്നയാള്‍ ചോദിച്ചു. ഒട്ടും സമയമില്ലെങ്കിലും, അയാളെ ധിക്കരിച്ച്‌ പോകാന്‍ എനിക്ക്‌ തോന്നിയില്ല… സമ്മതം എന്ന രീതിയില്‍ ഞാന്‍ തല കുലുക്കി.

“താങ്കള്‍ക്ക്‌ ഇപ്പൊ എങ്ങിനെ മരിക്കണമെന്നാണ്‌ തോനുന്നത്‌? ” അയാള്‍ ചോദിച്ചു.

ഇതാണോ ഇയാള്‍ക്കറിയേണ്ടത്‌, ഒരു വയസ്സന്റെ ചിന്തകള്‍ക്ക്‌ അധികം സമയം കളയാന്‍ എനിക്ക്‌ തോന്നിയില്ല. ചെറിയൊരു ദേഷ്യത്തോടെ ഞാന്‍ അയാളെ വെറുപ്പിക്കാന്‍ വേണ്ടി പറഞ്ഞു, “എനിക്കിപ്പൊഴും മരണം സ്വയം കണ്ട്‌ ആസ്വദിച്ച്‌ ഇല്ലാതാവാനാണ്‌ ഇഷ്ടം…”

“ഹ ഹ… കഷ്ടം ആണല്ലോ തന്റെ കാര്യം, ശരി.. അങ്ങിനെയാവട്ടെ.. നമുക്കൊരിക്കല്‍ വീണ്ടും കാണാം… ഗുഡ്‌ ബൈ…” അയാള്‍ പറഞ്ഞു.

അത്‌ ശ്രദ്ധിക്കാതെ ഞാന്‍ ബസ്‌ സ്റ്റോപ്‌ ലക്ഷ്യമാക്കി ഓടി. പക്ഷേ അത്‌ വെറുതേ ആയെന്ന് എനിക്ക്‌ മനസ്സിലായി. ബസ്സ്‌ പോയിരിക്കുന്നു… ഞാന്‍ എത്തുന്നതിന്‌ തൊട്ട്‌ മുന്‍പ്‌. ഒരു പക്ഷേ ആ വട്ടന്‍ കിഴവന്റെ ചോദ്യത്തിന്‌ ചെവി കൊടുക്കാതെ വന്നിരുന്നെങ്കില്‍ എനിക്ക്‌ വണ്ടി കിട്ടിയേനെ…

അടുത്ത ബസ്‌ ഇനി അര മണിക്കൂര്‍ കഴിഞ്ഞാലേ ഉള്ളു.. അതും കാത്ത്‌ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരുന്നപ്പൊഴും ആ വയസ്സനെ കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചത്‌. അയാള്‍ ആരായിരിക്കും? എന്റെ അഛനെ കുറിച്ച്‌ അയാള്‍ക്കെങ്ങിനെ അറിയാം?

പിറ്റേന്ന് രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത്‌ ഭാര്യയായിരുന്നു. അവള്‍ ആകെ പരിഭ്രമിച്ചാണ്‌ എന്നെ വിളിച്ചത്‌. കയ്യില്‍ പത്രവുമായി അവള്‍ എന്നെ കെട്ടിപിടിച്ചു…. കരയാന്‍ ഭാവിക്കുകയാണെന്ന് എനിക്ക്‌ മനസ്സിലായി…

“എന്താടീ… എന്താ പ്രശ്നം….” ഞാന്‍ ചോദിച്ചു.

നിറഞ്ഞ കണ്ണുകളുമായി അവള്‍ പത്രം എന്റെ നേര്‍ക്കു നീട്ടി…

അതിലെ പ്രധാന വാര്‍ത്ത വായിച്ച ഞാനും ഭയന്നു…

ഇന്നലെ ഞാന്‍ എന്നും വരാറുള്ള ബസ്‌ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീ പിടിച്ച്‌ അപകടത്തില്‍ പെട്ടിരിക്കുന്നു… 20 ജീവന്‍ ആ അപകടത്തില്‍ പൊലിഞ്ഞിരിക്കുന്നു…

“എന്റെ ഗുരുവായൂരപ്പാ…. നീ കാത്തല്ലോ… ” എന്ന് പറഞ്ഞ്‌ ഞാനെന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു….

ചുമരില്‍ പൂമാലയിട്ട എന്റെ അഛന്റെ ഛായാ ചിത്രം എന്നെ നോക്കി ചിരിക്കുകയാണെന്നെനിക്കു തോന്നി.

പിന്നീടൊരിക്കലും ഞാനാ അപരിചിതനായ മനുഷ്യനെ കണ്ടില്ല. ജീവന്‍ രക്ഷാ വേദി എന്നൊരു സമിതിയെക്കുറിച്ചും.

click here to download PDF of this post

 —————————————————————————————

Advertisements

~ by aham | അഹം on ഡിസംബര്‍ 10, 2007.

5 പ്രതികരണങ്ങള്‍ to “ജീവന്റെ കാവല്‍ക്കാര്‍.”

 1. കൊള്ളാം. ശ്രമിക്കുകവീണ്ടും

 2. കഥ നന്നായി..
  (കുറെയെണ്ണത്തില്‍ മരണം ആണല്ലോ മെയിന്‍ തീം.. കഥയിലെ നായകനെ പോലെ തന്നെയാണോ കഥാകൃത്തും?)
  off: ഒരു കമന്റിടണേല്‍ ഇത്രയും ഡിറ്റെയില്‍‌സ് എഴുതണം? 😦

 3. nice blog

 4. nice keep it up
  എന്റെ Blog ലെ Link list ലേക്കു താങ്കളുടെ Blog ഉള്‍പ്പെടുത്തിയിട്ടുണ്ട്
  വിരോധമുണ്ടാകില്ലെന്ന വിശ്വാസത്തോടെ
  സ്നേഹപൂര്‍‌വ്വം
  Ranjith Chemmad

 5. കൊള്ളാം മാഷേ… നന്നായിട്ടുണ്ട്… മരണത്തെ ഇഷ്ടപ്പെടുന്ന മറ്റൊരാള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

 
%d bloggers like this: