മരണം അര്‍ഹിക്കുന്നവര്‍.

അറിഞ്ഞുകൊണ്ട്‌ ആരെയും ഒരിക്കലും ഉപദ്രവിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല… ചെറിയൊരു പാപം കണ്ടാല്‍ പോലും വേദനിക്കുന്ന എനിക്കെന്തേ ദൈവം ഇങ്ങനെ ഒരു വിധി തന്നു…

എന്നും ഇതേ അലോചന തന്നെയാണ്‌ വേണൂന്‌. 2 കൊല്ലം മുന്‍പ്‌ വന്ന ഒരു സ്റ്റ്രോക്‌. അതിന്റെ റിസള്‍ട്ട്‌, കഴുത്തിന്‌ താഴെ ചലനമില്ലാത്ത ശരീരം. അന്നെന്തേ തന്റെ ജീവന്‍ മുഴുവനായും അങ്ങോട്ടെടുക്കാത്തേ.. എന്ന് വേണു പലവട്ടം സകല ദൈവങ്ങളോടും ചോദിച്ചു…

എപ്പൊഴും ദൈവങ്ങളെ പ്രാര്‍ഥിച്ച്‌ കിടക്കാന്‍ അമ്മ പൂജാമുറിയിലെ ദൈവങ്ങളെ ഇപ്പൊ വേണുന്റെ മുറിയിലെ ചുമരില്‍ ഉറപ്പിച്ചിരിക്കുന്നു. സദാ നേരവും കണ്ണ്‍ തുറന്നാല്‍ കാണുന്ന സ്ഥിരം ഫോട്ടോകള്‍ അവന്‌ മടുത്ത്‌ തുടങ്ങിയിരുന്നു.

വേണു കരഞ്ഞാല്‍ കണ്ണിരുതുടക്കാന്‍ അവന്റെ അമ്മ അടുത്തുണ്ടാകും. സാരിത്തുമ്പ്‌ കൊണ്ട്‌ അവന്റെ കണ്ണ്‍ തുടക്കുമ്പോള്‍ ആ അമ്മ വേണുവിന്റെ മുഖത്തേക്ക്‌ നോക്കില്ല. ഒടുവില്‍ അടുക്കളയില്‍ പോയി തേങ്ങും… വളരെ പതിഞ്ഞ ശബ്ധമെങ്കിലും, വേണുവിനത്‌ കേള്‍ക്കാമായിരുന്നു.

ഒരു ഹോം നേഴ്സാവാന്‍ തനിക്കാവില്ലെന്ന് തുറന്ന് പറയാന്‍ മിടുക്ക്‌ കാണിച്ച്‌ വേണുവിന്റെ ഭാര്യ പോയി. ആ ദുഖം പക്ഷേ വേണൂന്‌ ഒട്ടും ഭാരിച്ച്തതായിരുന്നില്ല. ഒരു പക്ഷേ ഈ ജന്മത്തില്‍ ഒരു ഭാര്യയുടെ കടമ നിറവേറ്റാന്‍ വിധിച്ചത്‌ ഇവള്‍ക്കായിരിക്കും, എന്നെ നോക്കാന്‍ വന്ന ഈ ഹോം നേഴ്സിനായിരിക്കും.

വേണുവിന്റെ തലച്ചോറില്‍ തനിക്ക്‌ മൂത്രശങ്കയുണ്ടോ… മലവിസര്‍ജ്ജനത്തിന്‌ സമയമായൊ എന്നൊന്നും മനസ്സിലാക്കാന്‍ ഉള്ള കഴിവില്ല… താനറിയാതെ അതെല്ലാം സംഭവിക്കുന്നു… അവള്‍ വന്ന് ഒട്ടും മടിയില്ലാതെ, അറപ്പില്ലാതെ… ചിരിച്ച മുഖവുമായി എല്ലാം വൃത്തിയാക്കും… അവനറിയാം, ആ ജോലിക്ക്‌ അമ്മ പോലും മെനക്കെട്ടിട്ടില്ലാ… കുറച്ച്‌ പണത്തിന്‌ വേണ്ടി ചെയ്യുന്നതെങ്കിലും, ഈ ജന്മത്തില്‍ ഇവളോടല്ലാതെ വേറെയാരോടാണ്‌ കടപ്പാട്‌ വേണ്ടത്‌?

അവന്‍ അവളുടെ കണ്ണുകളിലേക്ക്‌ എപ്പൊഴും നോക്കും. ഒട്ടും നാണമില്ലാതെ, അവന്റെ നഗ്നമേനി മുഴുവന്‍ അവള്‍ തുടച്ച്‌ വൃത്തിയാക്കും… ഒരു കൊച്ച്‌ കുഞ്ഞിന്‌ കൊടുക്കുന്ന പോലെ വായില്‍ കുറുക്കിയ പഴച്ചാര്‍ ഇറ്റിച്ച്‌ കൊടുക്കും… പുറത്തേക്ക്‌ ഒലിച്ചിറങ്ങുന്ന പഴച്ചാര്‍ അവള്‍ കയ്കൊണ്ട്‌ വടിച്ചെടുക്കും… ഒപ്പം ഒന്നുമറിയാത്ത പോലെ അവന്റെ കണ്ണീരും.

ആദ്യമാദ്യം തന്റെ ചലനമില്ലാത്ത നഗ്നമേനിയിലെ വെയിലു കൊള്ളാതെ നിറം മങ്ങി വരണ്ടപോലെയായ ശരീരത്തിനെ അവള്‍ വൃത്തിയാക്കുമ്പോള്‍ അവന്‍ കണ്ണടക്കുമായിരുന്നു. പിന്നീടത്‌ മാറി, അവന്‍ അവളെ തന്നെ തുറിച്ച്‌ നോക്കി കിടന്നു.

വേണുവിനറിയാമായിരുന്നു… തന്നെ ഒന്ന് കൊന്ന് തരാന്‍ ഒരിക്കലും ആര്‍ക്കും തോനുകയില്ലെന്ന്. എല്ലാരുടെയും കണ്ണുകളില്‍ ദയ. എന്നെ മരിക്കാന്‍ വിടാതെ, എന്റെ മുന്നില്‍ നിന്ന് എന്നും അവര്‍ കരയും… കുറെ കരഞ്ഞിട്ട്‌ തിരിച്ചു പോകും. ചിലര്‍ കരയില്ല. മുഖത്ത്‌ കൃത്രിമമായി തേച്ച്‌ വച്ച ദുഖം… അവനതൊക്കെ കണ്ട്‌ മതി വന്നിരുന്നു…

തെളിഞ്ഞ മുഖവുമായി, വീട്ടിലെ വിശേഷങ്ങളോരോന്നായി പറഞ്ഞ്‌, മുറപോലെ മരുന്ന് തന്ന് താന്‍ ഉറങ്ങും വരെ കത്തിരിക്കുന്ന അവളെ വേണുവിന്‌ പതുക്കെ ഇഷ്ടമായിത്തുടങ്ങി. ആര്‍ക്കും വേണ്ടാത്ത ഈ ജീവിതത്തില്‍, തന്നെ ഒരു ഭാര്യയെപ്പോലെ നോക്കുന്നു ഇവള്‍. എപ്പൊഴും തന്റെയടുത്തേക്ക്‌ നടന്നു വരുന്ന അവളുടെ കാലടി ശബ്ദത്തിനായ്‌ അവന്‍ കാതോര്‍ത്തിരിക്കും. ഒരു വശം തളര്‍ന്ന ചുണ്ട്‌ കൊണ്ടവന്‍ പതിയെ ചിരിക്കാന്‍ ശ്രമിക്കും. അവളില്‍ നിന്നും കണ്ണെടുക്കാതെ…

“എന്തേ വേണുവേട്ടാ… ഇങ്ങനെ നോക്കണെ..?” അവള്‍ ചോദിച്ചു.

“ഉം… ഇങ്ങനെ കിടന്ന് മതിയായി എന്നാണോ? അങ്ങനെ ഒന്നും വിചാരിക്കണ്ടാ. ഞങ്ങളൊക്കെ ഇല്ലേവിടെ? അമ്മേണ്ട്‌… ഞാനിണ്ട്‌… പിന്നെന്താ…”

അവള്‍ അവന്റെ കാതിന്റെ തൊട്ടരികില്‍ മുഖം വെച്ച്‌ വലരെ പതിഞ്ഞ സ്വരത്തില്‍ അവനോട്‌ പറഞ്ഞു,

“ഞാനില്ലേ… എല്ലാം നോക്കാന്‍… കെട്ട്യോളേക്കാളും നന്നായിട്ട്‌ നോക്കാന്‍…”

അല്‍പനേരത്തേക്കെങ്കിലും വേണു തന്റെ നശിച്ച ജീവിതത്തെ മറന്ന് സന്തോഷിച്ചു. ഇനിയും മരിക്കാതിരിക്കാന്‍ ആശിച്ചു… എന്നും ഇങ്ങനെ.. ഇതേ അവസ്ഥയില്‍.. അപ്പൊഴല്ലേ, ഇവളെന്നെ നോക്കാന്‍ ഉണ്ടാവുകയുള്ളൂ…

വേണു പതിയെ മരണത്തിന്റെ ഇരുണ്ട സ്വപ്നലോകങ്ങളില്‍ നിന്നും സ്നേഹത്തിനെ നിറങ്ങളുള്ള സ്വപ്നങ്ങള്‍ കാണാന്‍ തുടങ്ങി. അവളെ മാത്രം ഓര്‍ത്തിരിക്കാന്‍ തുടങ്ങി.

രാവിലെ കണ്ണ്‍ തുറന്ന വേണുവിനെ കാത്തിരിക്കാന്‍ അന്ന് അവളുണ്ടായിരുന്നില്ല. അവന്‍ കണ്ണുകള്‍ ചുറ്റും കറക്കി നോക്കി.. ഇല്ലാ.. അവള്‍ ഇവിടെയില്ലാ… നേരമേറെ കഴിഞ്ഞിട്ടും അവളെ കണ്ടില്ല.

“എന്താ മാഷേ… എന്നെ കാത്തിരുന്ന് മടുത്തോ…?”

അവളുടെ ശബ്ദം. അവനപ്പൊഴാണ്‌ ആശ്വാസമായത്‌.

അവളടുത്ത്‌ വന്ന് അവന്റെ തലമുടിയില്‍ കൈവിരലുകള്‍ ഓടിപ്പിച്ച്‌ പറഞ്ഞു…

“ഇനി ഇങ്ങനെ കാത്തിരിക്കാന്‍ ഞാന്‍ ഉണ്ടാവില്ലാ ട്ടോ.. ഞാന്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്നും വേറെ ആള്‍ വരും, വേണൂനെ നോക്കാന്‍. ഞാന്‍ വേറെ ഒരിടത്തേക്ക്‌ പോകും… ഇതേപോലെ…”

വേണുവിന്റെ കണ്ണുകള്‍ തുറിച്ചു. അവന്റെ വിലാപം അവളെയറിയിക്കാന്‍ അവന്റെ മനസ്സ്‌ വിതുംബി. ഒരുപക്ഷേ അവള്‍ക്കെല്ലാം മനസ്സിലാകുന്നുണ്ടാകാം.

എന്നെത്തെയും പോലെ അവന്റെ ശരീരം വൃത്തിയാക്കി, മരുന്നൊക്കെ കൊടുത്ത്‌ അവള്‍ പോകാന്‍ തയ്യാറായി…

അവളുടെ കയ്യിലെ ബാഗ്‌ കണ്ടപ്പോ വേണുവിന്‌ മനസ്സിലായി.. അവള്‍ പോകുകയാണെന്ന്.

അവന്‍ അവളെ നോക്കി കിടന്നു… ശബ്ദമില്ലാതെ കരഞ്ഞുകൊണ്ട്‌.

അവളടുത്തേക്ക്‌ വന്ന് അവന്റെ നെറ്റിയിലൊരുമ്മ കൊടുത്ത്‌ സാരിത്തലപ്പുകൊണ്ട്‌ അവന്റെ കണ്ണീരൊപ്പി.

“പെട്ടെന്ന് എണിറ്റ്‌ നടക്കാറാവുംട്ടോ. ഒന്നും പെടിക്കെണ്ടാ. ഞാന്‍ ഇടക്കിടെ കാണാന്‍ വരാം…”

അവള്‍ അവിറ്റെനിന്നും എണിറ്റ്‌ നടന്നു… എന്നും കാത്തിരിക്കാറുള്ള ആ കാലടികള്‍ ഇനി വരില്ലല്ലോ എന്നോര്‍ത്തപ്പോള്‍ വേണുവിന്റെയുള്ളില്‍ ഭീതി നിറഞ്ഞു.

അവള്‍ പോയി…

അവന്റെ കണ്ണുകള്‍ ചുമരിലെ ചിത്രങ്ങളിലേക്ക്‌ നീണ്ടു.

അവര്‍ ചിരിക്കുന്നുണ്ടോ???

പ്രതീക്ഷിക്കാതെ വന്ന്, പ്രതീക്ഷിക്കാതെ തന്നെ പോയ ആ സ്നേഹത്തെക്കുറിച്ചോര്‍ത്ത്‌ അവന്‍ കിടന്നു…

തന്നെ ഇനിയും ചാവാതെ നോക്കാന്‍ വരുന്ന അടുത്തയാളെയും കാത്ത്‌.

~ വഴി aham | അഹം on ഏപ്രില്‍ 15, 2008.

11 പ്രതികരണങ്ങള്‍ to “മരണം അര്‍ഹിക്കുന്നവര്‍.”

  1. ഇത് മരണത്തേക്കാള്‍ ഭീകരമാണല്ലൊ…

  2. എന്തിനാ ഇങ്ങനെ വേദനിപ്പിക്കുന്ന സത്യങ്ങള്‍ വെറുതെ ഓര്‍മ്മിപ്പിക്കുന്നേ???

  3. 🙂
    അതെ ചിരിച്ചിട്ടുണ്ടാവും.. 🙂
    കൊള്ളാം.. 🙂

  4. മരണം ഇതിലും എത്രയോ ഭേദമായിരിക്കും ആല്ലേ? അതെ, ശരിക്കും ഭീകരം ആണ് ആ അവസ്ഥ. ആര്ക്കും ഇതു ഉണ്ടാവാതിരുന്നെങ്കില്.
    മനസില് പോറല് വിഴ്ത്തുന്ന ഒരു രചന. ജീവിതവും. എങ്കിലും സ്നേഹത്തിന്റെ, പ്രതീക്ഷയുടെ ഒരു ചെറുനാളം പിന്നെയും എവിടെ ഒക്കെയോ.

  5. എവിടെയോ ഒരു നൊമ്പരമുണര്‍ത്തുന്ന സത്യങ്ങള്‍… ഇതുപോലെ എത്രയെത്ര ജന്മങ്ങള്‍

  6. 😦 , 🙂

  7. ജീവിതം മൊത്തമൊരു കാത്തിരിപ്പ് തന്നെ, എന്തിനാണെന്നറിയാതെ…

  8. ഒരുപാട്‌ വിഷമിപ്പിച്ചു….നന്ദി….

  9. ശരിക്കും കരയിപ്പിച്ചു കളഞ്ഞല്ലോ കുട്ടുക്കാരാ

  10. സത്യം.

    ഇതുപോലെ തന്നെ ബൈക്കില്‍ നിന്നും മറ്റും വീണ്‌ കഴുത്തൊടിഞ്ഞ എത്രയോ യുവകോമളന്മാര്‍ (കോമളന്മാര്‍ ആയിരുന്നവര്‍) നമ്മുടെ നാട്ടിലുണ്ട്‌ എന്നറിയുമ്പോളാണ്‌ മലയാളിയുടെ ഹെല്‍മെറ്റ്‌ വിരോധത്തിന്റെയും നിയമം ലംഘിച്ചുകൊണ്ടുള്ള മരണപ്പാച്ചിലിന്റെയും മറുവശം നാം അറിയുന്നില്ല എന്നു മനസ്സിലാകുന്നത്‌.

    18 വയസ്സില്‍ ബൈക്കില്‍ നിന്നു വീണ്‌ കഴുത്തിനു താഴെ തളര്‍ന്നു പോയ ഒരു സുഹൃത്തിന്റെ മകനെ എനിക്കറിയാം. കഴിഞ്ഞ 12 വര്‍ഷമായി ഒന്നു മൂക്കു ചൊറിയണമെങ്കില്‍ പോലും ആരെങ്കിലും വരണം എന്നുള്ള സ്ഥിതി.

  11. speechless……..

Leave a reply to parvathy മറുപടി റദ്ദാക്കുക