മരണഭയം

•മാര്‍ച്ച് 11, 2008 • 5അഭിപ്രായങ്ങള്‍

ഹേ അര്‍ജുനാ…

മനുഷ്യന്റെ ഏറ്റവും വലിയ ദുഖവും, ഭയവും മരണത്തിനോടാണ്‌. അവനറിയാതെ തന്നെ ഉള്ളില്‍ ആ ഭയം നിറഞ്ഞുനില്‍ക്കുന്നു. മരണം എല്ലാത്തിനും അവസാനമാണെന്നും അവന്‍ കരുതുന്നു. അതിനാല്‍, മരണപ്പെടുന്നതിനു മുന്‍പേ എല്ലാ സുഖങ്ങളും, ആഗ്രഹങ്ങളും സാധിക്കാന്‍ അവന്‍ പാഞ്ഞു നടക്കുന്നു. നാം ഒരു മുഷിഞ്ഞ വസ്ത്രം മാറുന്നതെന്തിനോ, അതുപ്പൊലെയാണ്‌ മരണം. അത്‌ ഒന്നിന്റെയും അവസാനമല്ല.

ഒരു ജലാശയത്തിലെ കുമിള പോലെയാണ്‌ നമ്മുടെ ശരീരം. കുമിള പൊട്ടുമ്പോള്‍ അത്‌ കുമിളയുടെ മരണമല്ല. കുമിള ഉണ്ടാവാന്‍ കാരണം ജലാശയവും, വായുവുമാണ്‌. അത്‌ കുമിളപൊട്ടിയാലും പഴയപോലെ തന്നെ സ്ഥിതി ചെയ്യും. ഇവിടെ ജലാശയം നമ്മുടെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു.

ഒരു വിത്ത്‌ മുളച്ച്‌ തയ്യാവുമ്പോള്‍ അത്‌ വിത്തിന്റെ മരണമല്ല, തയ്യിന്റെ ജനനവുമല്ല. എല്ലാം, ഒന്നാണ്‌…. ഒന്നിന്റെ പല ഭാവങ്ങളാണ്‌.

-ഭഗവത്ഗീതാ സാരം, സ്വാമി സന്ദീപ്‌ ചൈതന്യയുടെ വിവരണം.

Advertisements

മരണത്തിന്റെ സമയം.

•ഫെബ്രുവരി 26, 2008 • 13അഭിപ്രായങ്ങള്‍

“എനിക്കീ ജോതിഷത്തിലൊന്നും ഒരു വിശ്വാസോമില്ലാന്ന് നിനക്ക്‌ നന്നായി അറിയാലോ… പിന്നെന്തിനാ ഇപ്പൊ വെറുതേ… എന്റെ കല്യാണം നടക്കേണ്ട സമയത്ത്‌ നടക്കും. കെട്ടുന്ന പെണ്ണിന്‌ യോഗണ്ടെങ്കി എന്റെ കൂടെ മരണം വരെ സുഖായ്ട്ട്‌ കഴിയാം.”

“ചെട്ടാ.. ഈ യോഗം എന്ന് പറയുന്നത്‌ ജോതിഷത്തിന്റെ ഒരു ഭാഗം തന്നെയാ…”

“ഓഹ്‌.. എന്നാ എനിക്ക്‌ തെറ്റീ. നമ്മുടെ ജീവിതം നമ്മള്‍ ജീവിക്കുന്നപോലെയാടാ. അല്ലാതെ ചുമ്മാ ഒരു നക്ഷത്രം അങ്ങോട്ടും വേറൊന്ന് ഇങ്ങോട്ടും നീങ്ങിയിരുന്നാ മറുന്നതാണോ നമ്മുടെ ജീവിതം? എനിക്കതിനോടൊരിക്കലും യോജിക്കാന്‍ പറ്റില്ലാ അനിയാ.”

“അയിക്കോട്ടെ… ന്നാലും വീട്ടിലുള്ളവരുടെ ഒരു സമാധാനത്തിനെങ്കിലും ഒന്ന് നോക്കിക്കൂടെ…? ചെട്ടന്റെ ജാതകം ഇതുവരെ എഴുതിക്കാന്‍ പറ്റിയിട്ടില്ലല്ലോ…”

“എന്തെങ്കിലും ഒക്കെ ചെയ്യ്‌. ഇനി അതും കൊണ്ട്‌ എന്റെ മുമ്പിലെങ്ങാനും വാന്നുപോവരുത്‌. ജാതകം നോക്കി കെട്ടാനും എന്നെ പ്രതീക്ഷിക്കണ്ടാന്ന് അമ്മയോട്‌ പറഞ്ഞേക്ക്‌.”

അതും പറഞ്ഞ്‌ ജയശീലന്‍ പുറത്തേക്ക്‌ പോയി.

ഒരാഴ്ച്ചക്ക്‌ ശേഷം ജയശീലന്റെ ജാതകക്കുറിപ്പുമായി അനിയന്‍ വന്നു. അവന്റെ മുഖം വല്ലാതെ വാടിയിരുന്നു. അവനെ കാത്തിരിക്കുകയായിരുന്ന അമ്മ അവന്റെ പരിഭ്രമം ശ്രദ്ധിച്ചു.

“ഡാ.. എന്തായീ? പണിക്കരെന്താ പറഞ്ഞേ?”

അവനൊന്നും പറയാതെ അകത്തേക്ക്‌ പോയി.

“നിന്നോടല്ലേ ചോദിച്ചത്‌? പറയെടാ… പണിക്കര്‍ ജാതകം വായിച്ചു കേള്‍പ്പിച്ചില്ലേ? എന്തെങ്കിലും ദോഷം കണ്ടൊ? കല്യാണത്തിന്റെ കാര്യം സൂചിപ്പിച്ചൊ? ”

“കല്യാണം ഒക്കെ നടക്കേണ്ട പോലെ നടക്കേണ്ട സമയത്ത്‌ തന്നെ നടക്കും… പക്ഷേ ഇപ്പോ തത്കാലം വേണ്ടമ്മേ…”

“എന്താടാ? എന്തേ പറ്റ്യേ? നീ കാര്യം തെളിച്ചൂ പറയൂ കുട്ടാ…”

“കുഴപ്പം ഒന്നുല്യാമ്മെ… ചേട്ടനിത്തിരി ദൈവവിശ്വാസം ഉണ്ടാക്കണം ത്രേ. പ്രത്യേകിച്ച്‌ ദേവിയുടെ. ചേട്ടന്റെ 28-ആം വയസ്സില്‍ എന്തോ ഒരു അരുതാത്ത യോഗം കാണുന്നുണ്ടത്രെ. വിഷം തീണ്ടാനുള്ള യോഗം വരെ കാണുന്നു. വളരെ സൂക്ഷിക്കാനും ദിവസവും അമ്പലത്തില്‍ പോകാനും നിര്‍ബന്ധിക്കണം ത്രേ. ഇപ്പോ തന്നെ നന്നായി വൈകി…”

അമ്മയുടെ ആവലാതികളും കരച്ചിലും വകവെക്കാതെ, അവന്‍ അവിടെ നിന്നും എണീറ്റു നടന്നു… ജാതകം പൂജാ മുറിയിലെ ദേവിയുടെ ഫോട്ടോക്ക്‌ മുന്നില്‍ വെച്ചു.

“ദേവീ.. ന്റെ ചേട്ടനെ കാക്കണേ…”

“ജോസേട്ടാ.. ഇന്നെന്തേ ഒരുത്തനേം കാണുന്നില്ലല്ലോ.. എന്തു പറ്റീ…”
ജയശീലന്‍ സ്ഥിരം സുഹൃത്തുക്കളുമായി സല്ലപിക്കാന്‍ പോകാറുള്ള ചായക്കടയില്‍ പത്രവും വായിച്ചിരിക്കുന്നതിനിടയില്‍ ചോദിച്ചു…

“ഇന്നലെ കാവില്‍ പൂരം കാണാന്‍ പോയതല്ലേ… ഒക്കെ നല്ല ഉറക്കമായിരിക്കും…”

“ഓ ശരിയാ.. ഇന്നിനി ഇവിടെയിരുന്നിട്ട്‌ കാര്യമുണ്ടെന്ന് തോനുന്നില്ലാ… ഞാന്‍ പോകുന്നു ജോസേട്ടാ…”

ജയശീലന്‍ ബൈക്കും എടുത്ത്‌ തിരിച്ചു പോന്നു.

വഴിയില്‍ ഒരു റെയില്‍ ക്രോസ്‌ ഉണ്ട്‌. ബൊക്കാറോ എക്സ്പ്രസ്സ്‌ പോകാന്‍ വേണ്ടി ഗേറ്റ്‌ അടച്ചിരിക്കുന്നു…

അകാശത്തിലൂടെ ഒരു കൂറ്റന്‍ പരുന്ത്‌ വട്ടമിട്ട്‌ പറന്നു… അതിന്റെ മൂര്‍ച്ഛയുള്ള കൈകളില്‍ ഇനിയും ജീവന്‍ പോകാത്ത ഇര പിടയുന്നു.

പെട്ടന്നതിന്റെ കയ്യില്‍ നിന്നും ഇര താഴേക്ക്‌ വഴുതി വീഴുന്നു…
ജയശീലന്റെ തോളിലേക്ക്‌…

പ്രാണരക്ഷാര്‍ത്ഥം അത്‌ ജയശീലന്റെ കഴുത്തില്‍ ആഞ്ഞ്‌ കൊത്തി…

പെട്ടെന്നെന്താണ്‌ നടന്നെതറിയാതെ ജയശീലന്‍ അതിനെ വലിച്ചു കുടഞ്ഞെറിഞ്ഞു… വൈകിയെങ്കിലും.

അപ്പുറത്തുള്ള വളപ്പിലെ തെങ്ങിന്തടത്തില്‍ ചെന്നു വീണ പാമ്പിനെ തേടി ആ പരുന്ത്‌ പറന്നു വന്നു. അതിനേ കൊത്തിയെടുത്ത്‌ എങ്ങോട്ടോ പറന്നു പോയി.

ജയശീലന്റെ ശ്വാസം നിലച്ചതറിയാതെ ആമ്പുലന്‍സ്‌ അശുപത്രി ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു.

മരണം വാതില്‍ക്കലൊരുനാള്‍…

•ഫെബ്രുവരി 11, 2008 • 15അഭിപ്രായങ്ങള്‍

മരണം വാതില്‍ക്കലൊരുനാള്‍…

തെറ്റും ശരിയും രണ്ടും രണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ലായിരുന്നു. തെരുവിലെ ചീഞ്ഞുനാറുന്ന ചവറുകൂനയുടെ മണം ഞാനെന്നും ആസ്വദിക്കറുള്ളത്‌ മോശമായ ഒരു കാര്യമാണെന്നും ഞാന്‍ അറിഞ്ഞില്ല.

മുന്നില്‍ കറുപ്പ്‌ നിറം മാത്രം ഞാന്‍ കണ്ടു.

വാ വിട്ട്‌ അട്ടഹസിക്കുന്നവരേയും കണ്ടു.

പക്ഷേ കേട്ടത്‌ പൊട്ടിക്കരച്ചില്‍ മാത്രം.

എനിക്കിതെന്തു പറ്റി???

ഞാന്‍ ആകെ കാണുന്നത്‌ എന്റെ കയ്യില്‍ നിന്നും തുറിച്ച്‌ ചീറ്റുന്ന രക്തപ്പുഴ മാത്രം.

എന്റെയീ മുറിയില്‍ തനിച്ചിരിക്കുമ്പൊഴും എനിക്കുചുറ്റും ആരൊക്കെയോ നില്‍ക്കുന്നപോലെ…

എന്നിട്ടും, എന്നെയാരും സ്നേഹിച്ചില്ലെന്ന് എന്റെ മനസ്സ്‌ വിക്കുന്നു.

ഉറങ്ങുമ്പോള്‍ മരണത്തെ കുറിച്ച്‌ മാത്രം ഓര്‍മ്മകള്‍ വരുന്നു. സ്വപ്നങ്ങളില്‍ മരണത്തിന്റെ മണം തേടി ഞാന്‍ ഓടി നടക്കുന്നു. പട്ടിണിമരണങ്ങളോടും, അപകടമരണങ്ങളോടും, ദുരൂഹമരണങ്ങളോടും ഞാന്‍ ചോദിക്കുന്നു… എന്താണ്‌… ഏതാണ്‌ നിങ്ങളുടെ മണം.. എന്ന്.

രക്തം നിലമാകെ പടര്‍ന്നുകോണ്ടിരുന്നു…

എന്റെ ഭാരം കുറഞ്ഞുവരുന്നതായി ഞാന്‍ അറിഞ്ഞു…

ഒരു കാമഭ്രാന്തനായി നടന്നപ്പൊഴും, മദ്യവും, കഞ്ചാവും എന്നെ സുഖിപ്പിച്ചപ്പൊഴും തോന്നാത്ത ഒരു സുഖം…

ബലിഷ്ഠമായ കരങ്ങള്‍ ചെറുപൈതങ്ങളെ പിച്ചിച്ചീന്തി നശിപ്പിക്കുന്നതും, എന്റെ പ്രിയരെ ബോധമില്ലാതെ ഞാന്‍ തല്ലുന്നതും, ബോധമില്ലതെ അഴുക്കുചാലിന്റെ ഓരത്ത്‌ എന്റെ പ്രിയമാം സുഗന്ധങ്ങളെ സ്നേഹിച്ച്‌ മയങ്ങുന്നതും ഞാന്‍ ആസ്വദിച്ചു. എന്നിട്ടും എവിടെയും എത്താത്ത പോലെ…

മരണങ്ങള്‍ അടുത്ത്‌ നിന്ന് കണ്ടപ്പൊഴും, മിടിക്കുന്ന ഞെരമ്പുകള്‍ മൃഗീയമായ ശബ്ദത്തോടെ നിന്നുപോകുന്നതും ചോരപുരണ്ട കത്തിയും പിടിച്ച്‌ ഞാന്‍ ആര്‍ത്തിയോടെ നോക്കി നിന്നു. സമയത്ത്‌ കിട്ടാതെ വന്ന ലഹരിയെക്കുറിച്ചോര്‍ത്ത്‌ ഞാന്‍ അലറിക്കരഞ്ഞു… ജനാലക്കപ്പുറത്ത്‌ എന്നെ നോക്കി അപ്പോള്‍ എന്റെ അഛനും അമ്മയും കരയുന്നത്‌ ഞാന്‍ കാണാതെ പോയി.

രക്തത്തിനു തണുപ്പാണ്‌… എന്തിനേയും മരവിപ്പിച്ച്‌ കളയുന്ന തണുപ്പ്‌. തറയിലൂടെ അതെന്നില്‍ നിന്നും അകലേക്ക്‌ ഒഴുകിക്കൊണ്ടിരുന്നു… ഒരഴുക്കുചാലെന്ന പോലെ…

ഇന്നെല്ലാം മാഞ്ഞു പോകുന്നു…
എങ്ങും ശാന്തമായ പോലെ…
ഇന്നിവിടെ ഞാനെന്റെ അവസാന മാത്രകള്‍ എണ്ണുമ്പോള്‍,
അവസാന ശ്വാസം ഏതെന്ന് കാത്തിരിക്കുമ്പോള്‍, ഞാന്‍ വിതുമ്പിപ്പോകുന്നു…

“ഞാന്‍ ചെയ്ത ജോലികളെല്ലാം ഇതിനു വേണ്ടിയായിരുന്നൊ?? ഞാന്‍ തേടിനടന്നതും ഇതായിരുന്നോ… ഒരാത്മഹത്യക്ക്‌ വേണ്ടിയായിരുന്നോ…”

വൈകിയെങ്കിലും ഞാനറിഞ്ഞു, തെറ്റും ശരിയും രണ്ടല്ല, ഒന്നാണ്‌. ഒന്നിന്റെ തുടക്കവും ഒടുക്കവും ആണ്‌.

കരുണ ചെയ്‌വ്വാനെന്തു… താമസം കൃഷ്ണാ…

•ഫെബ്രുവരി 7, 2008 • 10അഭിപ്രായങ്ങള്‍

എന്റെ മുത്തശ്ശി… വയസ്സ്‌ 90 കഴിഞ്ഞു. ഇന്നലെ അമ്മ പറഞ്ഞറിഞ്ഞു, മുത്തശ്ശി ഇപ്പൊ കിടപ്പിലാണ്‌. തീരെ വയ്യാത്രെ.

അമ്മയോടൊപ്പം ഞാനും തറവാടിലേക്ക്‌ പോയി. അകത്തെ മുത്തശ്ശിയുടെ മുറിയിലേക്കാണ്‌ അമ്മ നേരേ പോയത്‌. ഞാനും കൂടെ പോയി. അവിടെ കട്ടിലില്‍ എന്റെ മുത്തശി. പക്ഷേ ഞാന്‍ വിചാരിച്ചതിലും ദയനീയമായിരുന്നു അവരുടെ സ്ഥിതി.

മൂക്കിലേക്കും വായിലേക്കും കുഴലുകള്‍ ഇട്ടിരിക്കുന്നു. മുഖം ചീര്‍ത്ത്‌ തടിച്ച്‌ വല്ലാത്ത ഒരു രൂപം ആയി. ശ്വാസം വിടാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട്‌ ഒരു ബസ്വസ്ഥമായ ശബ്ദത്തോടെ ആഞ്ഞാണ്‌ ശ്വാസം വലിക്കുന്നത്‌.

മുത്തശ്ശിയുടെ ഓര്‍മ്മ നഷ്ടപ്പെട്ടിരിക്കുന്നു, തലച്ചോറിന്റെ പ്രവര്‍ത്തനം നിന്നിരിക്കുന്നു. ജീവന്‍ ഇപ്പൊഴും ഉണ്ടെന്ന് മനസ്സിലാവുന്നത്‌ ഉച്ചത്തിലുള്ള ശ്വാസം വലികൊണ്ട്‌ മാത്രമാണ്‌. ഞാന്‍ കുറെ നേരം മുത്തശ്ശിയുടെ കണ്ണിലേക്ക്‌ തന്നെ നോക്കി നിന്നും ചിലപ്പോള്‍ എന്നെ തിരിച്ചറിയുന്നുണ്ടെങ്കിലോ? തല ഒഴിച്ച്‌ ബാകി ശരീരം മുഴുവന്‍ പുതപ്പുകൊണ്ട്‌ മൂടിയിരിക്കുന്നു. മുത്തശ്ശിയുടെ കാലില്‍ പിടിച്ച്‌ ഞാന്‍ നിന്നു… പിടിച്ചു നില്‍ക്കാനാവാതെ കരയുന്ന അമ്മയുടെ ഏങ്ങലടികള്‍ക്കിടയില്‍ എന്റെ കണ്ണില്‍ നിന്നും അടര്‍ന്ന് തുള്ളികള്‍ ഞാന്‍ തുടച്ചു മാറ്റി.

മുത്തശ്ശിയേ നോക്കുന്നതിന്‌ ഒരു ഹോം നഴ്സിനെ വച്ചിരിക്കുന്നു. സ്വന്തം മകളെപ്പോലെ, യാതൊരു മടിയും ഇല്ലാതെ ആ സ്ത്രീ മുത്തശ്ശിയേ പരിപാലിക്കുന്നു…

എന്തിനാ ദൈവം ന്റെ പാവം മുത്തശ്ശിയെ ഇങ്ങനെ കെടത്തിയിരിക്കുന്നത്‌? ഈ കാഴ്ച്ച കണ്ടിട്ട്‌ മുകളില്‍ ഇരിക്കുന്നവര്‍ക്ക്‌ ആനന്ദമോ??? അവിടെ ആരും സംസാരിക്കുന്നില്ല. എല്ലാവരും പാവം മുത്തശ്ശിയെ നോക്കി നില്‍ക്കുന്നു. സഹതാപത്തിന്റെ നാനാഭാവങ്ങള്‍ എല്ലാരുടെയും മുഘത്ത്‌. ഞാന്‍ അവിടെ നിന്നും പോന്നു.

എന്റെ മുത്തശ്ശി പിന്നെയും ആഴചകള്‍ ഒരുപാട്‌ അതേ കിടപ്പില്‍ തന്നെ അയിരുന്നു. അമ്മ എപ്പൊഴും മുത്തശ്ശിയുടെ കൂടെ തന്നെ ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വിളിച്ചു, മുത്തശ്ശി പോയ വിവരം പറയാന്‍.

എനിക്ക്‌ സമാധാനമായി. മുത്തഛന്റെ അടുത്തേക്ക്‌ കുറച്ച്‌ ബുദ്ധിമുട്ടിയാണെങ്കിലും അവസാനം മുത്തശ്ശി പോയല്ലോ…

നന്ദി, മരണത്തിനും, ആ ഹോം നഴ്സിനും.

ഉത്ഭവത്തിലേക്ക്‌…

•ഫെബ്രുവരി 7, 2008 • ഒരു അഭിപ്രായം ഇടൂ

ഞാന്‍ യാത്രയാകുന്നു

ജീവന്റെ കാവല്‍ക്കാര്‍.

•ഡിസംബര്‍ 10, 2007 • 5അഭിപ്രായങ്ങള്‍

വൈകുന്നേരങ്ങളില്‍ ഓഫീസിനടുത്തുള്ള പാര്‍ക്കില്‍ അല്‍പനേരം ഒറ്റക്ക്‌ പോയി ഇരിക്കുക എന്നത്‌ എന്റെ ഒരു സ്വഭാവാമായിരുന്നു. ഒറ്റക്കിരിക്കുമ്പൊ എന്തെന്നില്ലാത്ത ഒരു സുഖം തോനുന്നു. സമൂഹത്തിനോട്‌, എന്റെ മാനേജറോട്‌, എന്റെ ഭാര്യയോട്‌, മക്കളോട്‌.. എല്ലാം എങ്ങിനെ പെരുമാറണമെന്നുള്ളത്‌ ഇനിയും അറിയാത്തത്‌ കൊണ്ടാവാം… ഇന്നും എനിക്ക്‌ ഒറ്റക്കൈരിക്കാന്‍ ഒരുപാടിഷ്ടമാണ്‌.

തണുപ്പ്‌ തുടങ്ങിയിരിക്കുന്നു… വൈകുന്നേരം 6 മണി കഴിഞ്ഞപ്പോഴേക്കും നല്ല തണുപ്പായിരിക്കുന്നു. വഴികളില്‍ ഇരു വശവും തണുപ്പില്‍ കുതിര്‍ന്നു നില്‍ക്കുന്ന മരങ്ങള്‍… അതിന്നടിയില്‍ അപ്പിളും, പഴവര്‍ഗ്ഗങ്ങളും വില്‍ക്കുന്നവര്‍… ഇന്നെന്തൊ, പതിവില്ലാതെ അവരെന്നെ നോക്കി നില്‍ക്കുന്ന പോലെ.

ഞാന്‍ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചില്‍ ഇന്ന് 2 കമിതാക്കള്‍ ഇടം പിടിച്ചിരിക്കുന്നു. ഞാന്‍ വെറുതേ ശ്രദ്ധിച്ചു.. അവള്‍ കരയുകയാണ്‌. അവന്‍ അവളുടെ മൃദുലമായ കയ്യുകള്‍ മുറുകെ പിടിച്ചിരിക്കുന്നു. അവര്‍ക്കു ചുറ്റും ദുഖത്തിന്റെ ഒരു പടലം ഉള്ള പോലെ…

മറ്റൊറു സ്ഥലം നോക്കി നടന്നു. ഒരു മൂലയില്‍ ആരും അധികം വന്നിരിക്കാത്ത ഒരു ബഞ്ചില്‍ ഞാന്‍ ചെന്നിരുന്നു. ഞാന്‍ ആ കമിതാക്കളെ ഒന്നുകൂടി തിരിഞ്ഞു നോക്കി… അവളുടെ ശബ്ദം ഉയര്‍ന്നു വന്നു… അവളുടെ ചേരുവകള്‍ അളന്നെടുക്കാന്‍ അവനു കഴിയാഞ്ഞതിലാണോ.. അതോ അവന്‍ മറ്റൊരുത്തിയില്‍ കൂടുതല്‍ സൗന്ദര്യം കണ്ടതിനാലാണൊ എന്നറിയില്ല… അവന്‍ താഴെ നോക്കിയിരിക്കുക മാത്രം ചെയ്തു… എല്ലാവരേയും പോലെ. മനസ്സിലെവിടെയോ ഒരു വേദന തോന്നി എനിക്കപ്പോള്‍…

“പ്രണയം ഒരു പഴയ പുസ്തകമായി ഇപ്പൊഴും കൊണ്ടുനടക്കുന്നുണ്ടല്ലെ…”

തൊട്ടടുത്തുനിന്നും കേട്ട ആ ശബ്ദം കേട്ട്‌ ഞാന്‍ ചെറുതായൊന്നു ഞെട്ടാതിരുന്നില്ല. എന്റെയെടുത്ത്‌ ഒരു 50 -നോട്‌ അടുത്ത്‌ പ്രായം തോനിക്കുന്ന ഒരാള്‍… നല്ല തെളിഞ്ഞ മുഖം, സഫാരി സൂട്ട്‌, കയ്യില്‍ ഒരു പഴയ പുസ്തകം… ഒരു ചെറു ചിരിയോടെ അയാള്‍ എന്നെ നോക്കിക്കൊണ്ടിരുന്നു.

ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. അയാളെ കാര്യമാക്കാതെ ഞാന്‍ ഇരുന്നു.

“ആ ഇരിക്കുന്ന കമിതാക്കളില്‍ ഒരാള്‍ തന്റെ മകനോ മകളൊ ആണെന്ന് സങ്കല്‍പ്പിച്ചു നോക്കിയിട്ടുണ്ടൊ.. വെറുതെ…?” ഉറച്ച ശബ്ദത്തില്‍ അയാള്‍ ചോദിച്ചു.

“എനിക്കീ പ്രായത്തിലുള്ള മക്കളില്ല… മാത്രവുമല്ല, എന്റെ മക്കളെ എങ്ങിനെ വളര്‍ത്തണമെന്നെനിക്കറിയാം…” ഞാന്‍ പറഞ്ഞു.

“സുഹൃത്തേ, അപ്പൊള്‍ താങ്കള്‍ പറഞ്ഞതിനര്‍ഥം,കാലം ചെയ്ത താങ്കളുടെ അഛന്‍ ശ്രീ: മാധവന്‍ നായര്‍ സ്വന്തം മക്കളെ ശരിക്ക്‌ വളര്‍ത്തിയില്ലാ എന്നാണൊ?” അയാള്‍ ചിരിച്ചു കൊണ്ട്‌ ചോദിച്ചു.

എന്റെ അഛന്റെ പേര്‌ മാധവന്‍ നായര്‍ ആണെന്ന് ഇയാള്‍ക്കെങ്ങിനെ പിടികിട്ടി? അച്ചന്‍ മരിച്ചുപോയ കാര്യവും ഇയാള്‍ക്കെങ്ങനെ അറിയാം? അധവാ അഛന്റെ മിത്രമാണെങ്കില്‍ കൂടി, ഞാന്‍ പണ്ട്‌ പ്രണയിച്ചു നടന്ന കാര്യം ഇയാള്‍ക്കെങ്ങിനെ അറിയാം? തെല്ലൊരത്ഭുതത്തോടെ ഞാന്‍ ചോദിച്ചു…
“അല്ലാ.. എന്റെ അഛനെ എങ്ങിനെ….”

“അറിയാം.. തന്റെ അച്ചനേയും, തന്നെയും.. ഒക്കെ എനിക്കറിയാം… പക്ഷെ, നിങ്ങള്‍ക്ക്‌ എന്നെ അറിയില്ലാന്നു മാത്രം. ഹ ഹ..” എന്നെ കളിയാക്കുന്ന പോലെ അയാള്‍ പറഞ്ഞു.

എന്റെ മുഖത്ത്‌ ഒരുപാട്‌ ചോദ്യങ്ങള്‍ അപ്പൊ ഉയര്‍ന്നുവന്നു… അത്‌ നന്നായി മനസ്സിലാക്കിയിട്ടെന്നോണം, അയാള്‍ പറഞ്ഞു…

“വെല്‍, അയാം തോമസ്‌, തോമസ്‌ പനമ്പിള്ളി.ഞാന്‍ ഇവിടെ അടുത്ത്‌ ജീവന്‍ രക്ഷാ വേദി എന്ന ജീവ കാരുണ്യ പ്രവര്‍ത്തന സമിതിയുടെ അധികാരിയാണ്‌. അപകടങ്ങളില്‍ പെടുന്നവര്‍ക്ക്‌ സഹായം എത്തിച്ചു കൊടുക്കുകയാണ്‌ എന്റെ സമിതിയുടെ പ്രധാന ലക്ഷ്യം” താങ്കളെ കണ്ടപ്പൊള്‍ നല്ല പരിചയം തോന്നി… അത്ര മാത്രം. തങ്കളെ ഞാന്‍ ആദ്യമായാണ്‌ കാണുന്നത്‌… ” അദ്ധേഹം പറഞ്ഞു.

“ഞാനും. പക്ഷേ, എങ്ങിനെ എന്നെക്കുറിച്ചും, എന്റെ അഛനെ കുറിച്ചും ഒക്കെ അറിയാം? ഇതിനു മുന്‍പൊന്നും ഇവിടെ കണ്ടിട്ടില്ലല്ലൊ” ഞാന്‍ എന്റെ ആകാക്ഷ പുറത്ത്‌ വിട്ടു.

“ഹ ഹ… അതോക്കെയുണ്ട്‌. ഞാന്‍ ഇവിടെ അധികം വരാറില്ല. തന്നെപ്പോലെ ഒറ്റക്കിരിക്കാന്‍ ഒട്ടു സമയമില്ല എന്നു തന്നെ കരുതിക്കോളൂ… അത്‌ പോട്ടെ, തനിക്ക്‌ ഒറ്റക്കിരിക്കാന്‍ വലിയ ഇഷ്ടമാ ല്ലേ..? ഏതാണ്‌ ഇഷ്ട വിഷയം.. ഇങ്ങനെ നേരം കളയുമ്പോള്‍ ചിന്തിക്കാന്‍ തോനുന്നത്‌? ” അയാള്‍ ചോദിച്ചു…

എനിക്ക്‌ ഇനിയും അമ്പരപ്പ്‌ മാറിയില്ല… മേറ്റെന്തോ അലോചിച്ച്‌ ഞാന്‍ അറിയാതെ പറഞ്ഞു.. “മരണം… അതാണെന്റെ ഇഷ്ട വിഷയം”

“ആണോ… മരിക്കാനാണൊ കൂടുതല്‍ ഇഷ്ടം? അതോ, മരിക്കുന്നത്‌ കാണാനൊ? ”

“രണ്ടും. സ്വയം മരിക്കുനത്‌ കാണാന്‍ പറ്റുമോ? എങ്കില്‍ അതാണെനിക്കിഷ്ടം… ” നല്ലൊരു മറുപടി പറഞ്ഞ ഭാവത്തില്‍ ഞാന്‍ ഒന്നു ചിരിച്ചു.

“പിന്നെന്താ… കാണാലോ.. നമ്മള്‍ മരിക്കുന്നത്‌ നമുക്ക്‌ തന്നെ കാണാം, അനുഭവിച്ചറിയാം… ” അയാള്‍ പറഞ്ഞു.

എനിക്ക്‌ കുറച്ച്‌ താല്‍പ്പര്യം തോന്നി.. ഇയാള്‍ ആളു മോശമില്ലാലൊ…

“അതെങ്ങിനെ ? ഞാന്‍ മരിക്കുന്നത്‌ എനിക്കു തന്നെ കാണാന്‍ പറ്റുമോ? ” ഞാന്‍ ചോദിച്ചു.

“പറ്റും. ഒരാള്‍ മരിക്കുന്നതിനു മുന്‍പേ, താന്‍ മരിക്കാന്‍ പോകുകയാണെന്ന് സ്വയം അറിയാമെങ്കില്‍, അയാള്‍ക്ക്‌ സ്വന്തം മരണം അനുഭവിക്കാം… അതിന്റെ വേദനയും.” അയള്‍ പറഞ്ഞു.

“അതെങ്ങനെ? ഞാന്‍ മരിക്കാന്‍ പോകുന്ന കാര്യം നേരത്തെ എങ്ങിനെ അറിയും? ” ഞാന്‍ ചോദിച്ചു.

“മരണം നേരത്തെ കൂട്ടി എല്ലാമനുഷ്യര്‍ക്കും അറിയുവാന്‍ കഴിയും. സ്വന്തം മരണം മാത്രമല്ല… മറ്റുള്ളവരുടെ മരണവും നമുക്കറിയാന്‍ പറ്റും. അതിനുള്ള രണ്ട്‌ മാര്‍ഗ്ഗങ്ങളാണ്‌ ആത്മഹത്യയും, കൊലപാതകവും…” അയാള്‍ പറഞ്ഞു.

എന്റെ കണ്ണുകള്‍ വിടര്‍ന്നു.. ഇയാള്‍ എന്തൊക്കെയാണീ പറയുന്നത്‌…

അയാള്‍ തുടര്‍ന്നു…

“ഉദാഹരണത്തിന്‌, വിഷം കഴിച്ചോ, കെട്ടിത്തൂങ്ങിയോ നിങ്ങള്‍ മരിക്കാന്‍ പോകുന്നു. അപ്പൊള്‍ താങ്കള്‍ക്കറിയാം, മരണം തീര്‍ച്ചയാണെന്ന്. സ്വയം മനസ്സിലാക്കി, മരണത്തിന്റെ വേദനയെ സ്വയം സ്വാഗതം ചെയ്തു കൊണ്ട്‌ നിങ്ങള്‍ യാത്രയാവുന്നു. എല്ലാം നേരത്തെ അറിയാവുന്ന താങ്കള്‍ മരിക്കുമ്പോള്‍ ഭയപ്പെടുന്നില്ല… അവിടെ ആ മരണം താങ്കളുടെ മുമ്പില്‍, താങ്കള്‍ സ്വയം കാണുന്നു.
ഇനി മറ്റൊരുദാഹരണം… ഞാന്‍ താങ്കളെ കൊല്ലാന്‍ വരുന്നുവെന്ന് കരുതുക. താങ്കള്‍ക്ക്‌ ഉറപ്പാണ്‌ ഞാന്‍ തന്നെ കൊല്ലുമെന്ന്. കൊല്ലുന്ന എനിക്കും, തനിക്കും അത്‌ നന്നായി അറിയാം. ആത്മഹത്യ അല്ലെങ്കിലും, താന്‍ സ്വയം മരിക്കുന്നതിന്‌ ഉള്ളില്‍ തയ്യാറാവുന്നു. ഒരു മരണം കാണാന്‍ ഞാനും ഉള്ളില്‍ തയ്യാറാവുന്നു. അവിടെയും ഒരു പരോക്ഷ ശക്തിയാല്‍ താങ്കള്‍ മരണത്തെ അനുഭവിക്കുന്നു. മരണത്തിന്റെ വേദനയേക്കാളും, തനിക്ക്‌ നഷ്ടമാവുന്ന ജീവിതത്തിനെ ഓര്‍ത്ത്‌ താങ്കള്‍ അപ്പോള്‍ വാവിട്ട്‌ കരയും… തന്നെ മൊറ്റൊരാള്‍ കൊല്ലുന്നതോര്‍ത്ത്‌ താങ്കള്‍ കരയും. പക്ഷേ താങ്കള്‍ സ്വയം കൊല്ലുമ്പോള്‍ കരയുമോ? ഇല്ല… ശരിയല്ലേ?”

ഒന്നും മനസ്സിലാവാതെ ഞാന്‍ അയാളെ തന്നെ തുറിച്ച്‌ നോക്കി…

എന്റെ തോളത്ത്‌ തട്ടി, ചിരിച്ചുകൊണ്ട്‌ അയാള്‍ തുടര്‍ന്നു…

“സുഹൃത്തേ… താങ്കള്‍ കരുതുന്ന പോലെ സ്വയം അനുഭവിച്ചുകൊണ്ടുള്ള മരണം ഒരു സുഖമല്ല.. ഒരു ദുഖമാണ്‌. നമ്മെ അറിയുന്ന മറ്റ്‌ പലരെയും അത്‌ ബാധിക്കും… വളരെയധികം. നാം നമ്മളറിയാതെ മരിക്കുന്നതാണ്‌ നല്ലതെന്ന് എനിക്കു തോനുന്നു…”

ഞാന്‍ ചിരിച്ചു… ഇതിലൊന്നും ഒന്നുമില്ലെന്ന മട്ടില്‍. അപ്പൊഴാണെനിക്കോര്‍മ്മ വന്നത്‌, എനിക്ക്‌ വീട്ടിലേക്ക്‌ പോകാന്‍ സമയമായി… എനിക്കുള്ള ബസ്‌ ഇപ്പൊ വരും…

“ക്ഷമിക്കണം, എനിക്ക്‌ പോകാന്‍ സമയമായി… നമുക്ക്‌ മറ്റൊരവസരത്തില്‍ കാണാം…” ഞാന്‍ പറഞ്ഞു.

“അങ്ങിനെ ആവട്ടെ… വണ്ടി വരാറായി ലേ…” അയാള്‍ ചോദിച്ചു.

“അതേ, നേരം വൈകി… ചിലപ്പോള്‍ എനിക്ക്‌ വണ്ടി കിട്ടിയെന്നു വരില്ല. എങ്കില്‍ ശരി.. കാണാം”

“ഒരു കാര്യം ചോദിക്കട്ടെ…” പെട്ടെന്നയാള്‍ ചോദിച്ചു. ഒട്ടും സമയമില്ലെങ്കിലും, അയാളെ ധിക്കരിച്ച്‌ പോകാന്‍ എനിക്ക്‌ തോന്നിയില്ല… സമ്മതം എന്ന രീതിയില്‍ ഞാന്‍ തല കുലുക്കി.

“താങ്കള്‍ക്ക്‌ ഇപ്പൊ എങ്ങിനെ മരിക്കണമെന്നാണ്‌ തോനുന്നത്‌? ” അയാള്‍ ചോദിച്ചു.

ഇതാണോ ഇയാള്‍ക്കറിയേണ്ടത്‌, ഒരു വയസ്സന്റെ ചിന്തകള്‍ക്ക്‌ അധികം സമയം കളയാന്‍ എനിക്ക്‌ തോന്നിയില്ല. ചെറിയൊരു ദേഷ്യത്തോടെ ഞാന്‍ അയാളെ വെറുപ്പിക്കാന്‍ വേണ്ടി പറഞ്ഞു, “എനിക്കിപ്പൊഴും മരണം സ്വയം കണ്ട്‌ ആസ്വദിച്ച്‌ ഇല്ലാതാവാനാണ്‌ ഇഷ്ടം…”

“ഹ ഹ… കഷ്ടം ആണല്ലോ തന്റെ കാര്യം, ശരി.. അങ്ങിനെയാവട്ടെ.. നമുക്കൊരിക്കല്‍ വീണ്ടും കാണാം… ഗുഡ്‌ ബൈ…” അയാള്‍ പറഞ്ഞു.

അത്‌ ശ്രദ്ധിക്കാതെ ഞാന്‍ ബസ്‌ സ്റ്റോപ്‌ ലക്ഷ്യമാക്കി ഓടി. പക്ഷേ അത്‌ വെറുതേ ആയെന്ന് എനിക്ക്‌ മനസ്സിലായി. ബസ്സ്‌ പോയിരിക്കുന്നു… ഞാന്‍ എത്തുന്നതിന്‌ തൊട്ട്‌ മുന്‍പ്‌. ഒരു പക്ഷേ ആ വട്ടന്‍ കിഴവന്റെ ചോദ്യത്തിന്‌ ചെവി കൊടുക്കാതെ വന്നിരുന്നെങ്കില്‍ എനിക്ക്‌ വണ്ടി കിട്ടിയേനെ…

അടുത്ത ബസ്‌ ഇനി അര മണിക്കൂര്‍ കഴിഞ്ഞാലേ ഉള്ളു.. അതും കാത്ത്‌ ഞാന്‍ ബസ്‌ സ്റ്റോപ്പില്‍ ഇരുന്നപ്പൊഴും ആ വയസ്സനെ കുറിച്ചായിരുന്നു ഞാന്‍ ആലോചിച്ചത്‌. അയാള്‍ ആരായിരിക്കും? എന്റെ അഛനെ കുറിച്ച്‌ അയാള്‍ക്കെങ്ങിനെ അറിയാം?

പിറ്റേന്ന് രാവിലെ എന്നെ വിളിച്ചുണര്‍ത്തിയത്‌ ഭാര്യയായിരുന്നു. അവള്‍ ആകെ പരിഭ്രമിച്ചാണ്‌ എന്നെ വിളിച്ചത്‌. കയ്യില്‍ പത്രവുമായി അവള്‍ എന്നെ കെട്ടിപിടിച്ചു…. കരയാന്‍ ഭാവിക്കുകയാണെന്ന് എനിക്ക്‌ മനസ്സിലായി…

“എന്താടീ… എന്താ പ്രശ്നം….” ഞാന്‍ ചോദിച്ചു.

നിറഞ്ഞ കണ്ണുകളുമായി അവള്‍ പത്രം എന്റെ നേര്‍ക്കു നീട്ടി…

അതിലെ പ്രധാന വാര്‍ത്ത വായിച്ച ഞാനും ഭയന്നു…

ഇന്നലെ ഞാന്‍ എന്നും വരാറുള്ള ബസ്‌ ഓടിക്കൊണ്ടിരിക്കുമ്പോള്‍ തീ പിടിച്ച്‌ അപകടത്തില്‍ പെട്ടിരിക്കുന്നു… 20 ജീവന്‍ ആ അപകടത്തില്‍ പൊലിഞ്ഞിരിക്കുന്നു…

“എന്റെ ഗുരുവായൂരപ്പാ…. നീ കാത്തല്ലോ… ” എന്ന് പറഞ്ഞ്‌ ഞാനെന്റെ ഭാര്യയെ കെട്ടിപ്പിടിച്ചു….

ചുമരില്‍ പൂമാലയിട്ട എന്റെ അഛന്റെ ഛായാ ചിത്രം എന്നെ നോക്കി ചിരിക്കുകയാണെന്നെനിക്കു തോന്നി.

പിന്നീടൊരിക്കലും ഞാനാ അപരിചിതനായ മനുഷ്യനെ കണ്ടില്ല. ജീവന്‍ രക്ഷാ വേദി എന്നൊരു സമിതിയെക്കുറിച്ചും.

click here to download PDF of this post

 —————————————————————————————

പുകഴ്താന്‍ മറന്നവള്‍…

•ഒക്ടോബര്‍ 10, 2007 • 3അഭിപ്രായങ്ങള്‍

ഞാനന്നു തന്നൊരു പ്രണയലേഖനം പോ-
ലൊന്നിനിയും വേണമെന്നു നീ പറഞ്ഞില്ലാ…

ഞാനന്നു പാടിത്തന്ന ഗാനമിനിയും
പാടാന്‍ നീ പറഞ്ഞില്ലാ…

നിനക്കായ്‌ ഞാനന്നെഴുതിയ വരികള്‍,
എവിടെപ്പോയെന്നു നീയറിഞ്ഞില്ലാ…

ഇനി ഞാനൊറ്റക്കിരിക്കുമ്പോള്‍,
കൂട്ടിനാരുണ്ടുകൂടെയെന്നു നീയറിഞ്ഞില്ലാ…

ഇനിയൊരിക്കല്‍ ഞാന്‍ കെട്ടുമ്പൊഴും,
വീടു വെക്കുമ്പൊഴും, കാറു വാങ്ങുമ്പൊഴും,
എന്റെ കൂടെച്ചിരിക്കാന്‍ നീയില്ലാ…

ഇവിടെ ഞാനെഴുതും തുടിക്കും കുറിപ്പുകള്‍,
നിന്നരികില്‍ പറന്നുചെല്ലുമ്പൊഴും,
തിരിഞ്ഞൊന്നു നോക്കാന്‍,
“കൊള്ളാം” എന്നു പറയാന്‍,
നിനക്കറിഞ്ഞില്ലാ….

വിരലുകള്‍ വിറക്കുന്നു,
മിഴികള്‍ മിടിക്കുന്നു,
ഇനി നാളെനീയറിയും…
ഞാന്‍ മരിച്ചെന്ന്.

അപ്പൊഴെങ്കിലും,
ദയവുചെയ്തെന്‍ പടം നോക്കിപ്പറയൂ…
നന്നായിരിക്കുന്നുവെന്ന്.

download pdf of this post
 _____________________________________________________